
ഉമ്മന്‍ ചാണ്ടിയുമായി ഇടപെടുന്നവരില്‍ ഭൂരിപക്ഷം ആളുകള്‍ക്കും അദ്ദേഹം വളരെ പ്രിയപ്പെട്ട നേതാവായി മാറുകയാണ്. ആതില്‍ വലിപ്പച്ചെറുപ്പമോ പ്രായമോ ഘടകമല്ല. ഇങ്ങനെ ഉമ്മന്‍ ചാണ്ടിയുമായി കാല്‍നൂറ്റാണ്ട് കാലത്തെ അടുത്ത സ്‌നേഹ ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് കുമ്പനാട് സ്വദേശി സുബിന്‍ നീറുംപ്ലാക്കല്‍.
സ്‌കൂള്‍ പഠനത്തിന് ശേഷം ഉപരി പഠനത്തിന് പോകാന്‍ നില്‍ക്കുന്ന സമയത്താണ് തന്റെ നാട്ടിലെ ഒരാളുടെ ചികിത്സയ്ക്ക് വേണ്ട സഹായം നല്‍കണമെന്ന ആവശ്യത്തിനാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി വീട്ടില്‍ ചെല്ലുന്നത്. ആള്‍ക്കൂട്ടം കണ്ട് പുറത്ത് മാറി നിന്ന സുബിന്‍െ്‌റ അവസ്ഥ തിരക്ക് ഒഴിഞ്ഞിട്ട് കാശിക്ക് പോകാമെന്ന് കരുതിയത് പോലെയായി. തിരക്ക് ഒഴിഞ്ഞിട്ട് ഉമ്മന്‍ ചാണ്ടിയെ കാണാമെന്ന് കരുതിയ സുബിന് കാര്യം അവതരിപ്പിക്കാനും സാധിച്ചില്ല. തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ ആള്‍ക്കൂട്ടത്തിന്റെ നടുവിലൂടെ കാറില്‍ കയറിയ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് ചെന്ന് ആ ചെറുപ്പക്കാരന്‍ തന്റെ കാര്യം പറഞ്ഞു.
ആവശ്യം പറഞ്ഞപ്പോള്‍ കാറില്‍ കയറാന്‍ പറഞ്ഞ ഉമ്മന്‍ ചാണ്ടി യാത്രയില്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു. ഒരു സാധു കുടുംബത്തിന്റെ ആവശ്യത്തിന് വേണ്ടി തന്നെ കാണാന്‍ വന്ന സുബിന്‍ നടത്തിയ ഇടപെടല്‍ ഉമ്മന്‍ ചാണ്ടിക്കും ഇഷ്ടമായി. ഏതു കാര്യത്തിനും തന്നെ വിളിക്കണമെന്ന് പറഞ്ഞ് സുബിനെ കുമ്പനാട്ടുള്ള വീട്ടില്‍ ഇറക്കിയതിന് ശേഷമാണ് പോയത്. പിന്നിട് ഇങ്ങോട്ട് പകലോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് വിളികളും ശിപാര്‍ശകളുമായി ആ ചെറുപ്പക്കാരന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടു. കൂടുതലും ചികിത്സാ സഹായമാണ്. ഒരിക്കല്‍ പോലും സ്വന്തം കാര്യത്തിന് ഉമ്മന്‍ ചാണ്ടിയെ സമീപിച്ചിട്ടില്ല. ഏതു സമയത്തും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാനോ കാണാനോ ഉള്ള സ്വാതന്ത്ര്യവും സുബിനുണ്ടായിരുന്നു.
അനേകം ആളുകളുടെ പരാതികളും ചികിത്സാ സഹായവും സുബിന്‍ ഉമ്മന്‍ ചാണ്ടിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. സഹായം വേണ്ട ആളുകളുടെ അപേക്ഷയുമായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് ചെല്ലുന്ന സുബിന്‍ അനുവദിക്കേണ്ട തുക പോലും എഴുതിയതിന് ശേഷമാണ് അദ്ദേഹത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത്. അത്ര മാത്രം സ്വാതന്ത്ര്യവും വിശ്വാസവും ഉമ്മന്‍ ചാണ്ടിയില്‍ സുബിനുണ്ടായിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിയായ വടശേരിക്കര സ്വദേശിനിയെ മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാത്രി ഒന്നര മണിക്ക് വിളിച്ചുണര്‍ത്തിയാണ് സുബിന്‍ അറിയിച്ചത്.
അവസരോചിതമായ ഇടപെടല്‍ മൂലം ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്നും പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി. കോവിഡ് നിയന്ത്രണം കര്‍ശനമായ സമയത്ത് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ മൂലം വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജില്‍ ജനിച്ച നാല് ദിവസം മാത്രം പ്രായമുള്ള ആറന്മുള സ്വദേശിയായ കുട്ടിയെ ഒന്‍പത് മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം എത്തിക്കുന്നതിന് വേണ്ട ക്രമീകരണം ചെയ്തു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് ആരോഗ്യ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വിളിച്ച് വേണ്ട ക്രമീകരണം ചെയ്യുകയും രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്നാണ് നിര്‍ദേശം നല്‍കിയത്. ഒരുപക്ഷെ ഇത്ര അധികം അടുപ്പവും സ്വാധീനവും ഉണ്ടായിട്ടും സുബിന്‍ നീറുംപ്ലാക്കല്‍ സ്വന്തമായി ഒരു ആവശ്യവും പറയാത്തതിലുള്ള പരിഭവം ഉമ്മന്‍ ചാണ്ടിക്കുമുണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിയോടുള്ള ഇഷ്ടക്കൂടുതല്‍ മൂലം പുതുപ്പള്ളിക്കാരിയെയാണ് സുബിന്‍ വിവാഹം കഴിച്ചത്. പ്രിയ നേതാവിന്റെ ആകസ്മിക മരണം മൂലം മാര്‍ത്തോമ്മാ സഭ നിരണം മാരാമണ്‍ ഭദ്രാസന ട്രഷറര്‍ സ്ഥാനാര്‍ത്ഥി കൂടിയായ സുബിന്‍ നീറുംപ്ലാക്കല്‍ എല്ലാ തെരഞ്ഞെടുപ്പ് പ്രചരണവും നിര്‍ത്തി വെച്ച് കുടുംബമായി പുതുപള്ളിയില്‍ എത്തിയിരിക്കുകയാണ്. സുബിന്റെ ജന്മദിനമായ അതെ ദിവസം തന്നെയാണ് തന്റെ നേതാവിന്റെ ആകസ്മികമായ വിയോഗവും.