
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുന്‍പ് പോക്‌സോ കേസില്‍പ്പെട്ട യുവാവ് പതിനേഴകാരിയെ ബലാല്‍സംഗം ചെയ്ത് പോക്‌സോ കേസുകളുടെ എണ്ണം രണ്ടിലെത്തിച്ചു. എഴുമറ്റൂര്‍ ഉപ്പുമാങ്കല്‍ വീട്ടില്‍ പി പ്രശാന്ത് ( 19) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ഇയാള്‍ 2023 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബാലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയാണ്.
കഴിഞ്ഞമാസം 28 ന് രാവിലെ 10.15 നാണ് പുതിയ കേസിനാസ്പദമായ സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ രാവിലെ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് സ്‌കൂളില്‍ നിന്നും വാങ്ങാന്‍ പോകവേ, എഴുമറ്റൂര്‍ ബസ്സ്‌റ്റോപ്പില്‍ കാത്തുനിന്ന പ്രതി, അറഞ്ഞിക്കലെത്തിച്ച് പ്രവര്‍ത്തനമില്ലാത്ത പാറമടയുടെ അടുത്തുള്ള അടച്ചിട്ട ഓല മേഞ്ഞ കടമുറിക്കുള്ളില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി സ്‌കൂള്‍ യൂണിഫോമിലായിരുന്ന പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് ഒന്നിലധികം തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി. മൊബൈലിലെ സന്ദേശങ്ങള്‍ കണ്ട് ചോദിച്ചപ്പോള്‍ കുട്ടി സഹോദരിയോട് പീഡനവിവരം പറയുകയായിരുന്നു.
പത്തനംതിട്ട ചൈല്‍ഡ് ലൈനില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച്, ഇന്നലെ കോഴഞ്ചേരി വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി അവിടെ എത്തി പോലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതിന് വേണ്ടി ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട് നടപടി പോലീസ് കൈകൊണ്ടു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി.
തുടര്‍ന്ന് പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീടിനു സമീപത്ത് നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികള്‍ക്ക് ശേഷം, ഇയാളുടെ ചിത്രം ഫോണില്‍ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.പോലീസ് കുറ്റസമ്മതമൊഴിയെടുത്തു, തുടര്‍ന്ന് രാത്രി 9 ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.പോലീസ് ഇന്‍സ്‌പെക്ടര്‍ ബി സജിഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
എസ് ഐ ബോസ് പി ബേബി, എസ് സി പി ഓ മുഹമ്മദ് ഷെബീക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്കയച്ചു.