റാന്നി-പെരുനാട്: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നിട്ടും തന്നെ വിളിച്ച് കൂടെ താമസിപ്പിക്കാത്തതിന്റെ വിരോധത്തില്‍ യുവാവിന്റെ വീടും ബൈക്കും തീ വച്ചു നശിപ്പിച്ച യുവതിയും സഹായിയും അറസ്റ്റില്‍.
വടശേരിക്കര പേഴുംപാറ പതിനേഴേക്കര്‍ ശോഭാലയം രാജ്കുമാറിന്റെ വീടും ബൈക്കും കത്തിച്ച കേസില്‍ പെരുനാട് മാടമണ്‍ കോട്ടൂപ്പാറ പതാലില്‍ വീട്ടില്‍ നിന്നും റാന്നി വരവൂര്‍ ലാലിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുനിത (31), റാന്നി പുതുശ്ശേരിമല മുഞ്ഞനാട്ട് മേപ്പുറത്ത് വീട്ടില്‍ സതീഷ് കുമാര്‍ (41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10 ന് പുലര്‍ച്ചെയാണ് രാജ്കുമാറിന്റെ വീടും ബൈക്കും മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലെ കിടക്കകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും കത്തിപ്പോയി.
സംഭവം നടക്കുമ്പോള്‍ രാജ്കുമാറും മാതാവും ആറന്മുളയിലെ സഹോദരിയുടെ വീട്ടിലായിരുന്നു. നാട്ടുകാരാണ് തീയണച്ചത്. രാജ്കുമാറിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതികളിലേക്ക് എത്തിയത്. സുനിതയും രാജ്കുമാറുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രാജ്കുമാര്‍ സുനിതയെ വിളിച്ചു കൊണ്ടു കൂടെ താമസിപ്പിക്കാത്തതിലുള്ള വിരോധം കാരണമാണ് സതീഷുമായി ചേര്‍ന്ന് കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് കത്തിച്ച ശേഷം വീട് കുത്തിത്തുറന്ന് അകത്തു കയറി തീയിടുകയായിരുന്നു. ഫര്‍ണിച്ചറുകളും മേല്‍ക്കൂരയുടെ ആസ്ബസ്‌റ്റോസ് ഷീറ്റും കത്തിനശിച്ചു. ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ദ്ധര്‍, ഫോട്ടോഗ്രാഫര്‍ എന്നിവര്‍ സ്ഥലത്ത് വന്ന് തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഭവ ദിവസം പുലര്‍ച്ചെ 1.15 ഓടെ ഒരു സ്ത്രീയും പുരുഷനും വെള്ളനിറത്തിലുള്ള ജൂപിറ്റര്‍ സ്‌കൂട്ടറില്‍ പോകുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചും സ്‌കൂട്ടറിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തുമാണ് പതിനേഴേക്കറില്‍ നിന്ന് മാടമണ്ണിലേക്കുള്ള റോഡിലൂടെ പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശപ്രകാരം പെരുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ സുഹൃത്തുക്കളായ പ്രതികള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവദിവസം ഇരുവരും ഒരേസ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസിന് വ്യക്തമായി.
സുനിത വാടകയ്ക്ക് താമസിക്കുന്ന റാന്നി വരവൂരില്‍ നിന്നും പ്രതികള്‍ ഒരുമിച്ച് യാത്ര തുടങ്ങി പേഴുംപാറ ഭാഗത്തേക്ക് എത്തിയതായും 10 ന് പുലര്‍ച്ചെ 1.15 ന് 17 ഏക്കറില്‍ എത്തിയതായും സാക്ഷിമൊഴികള്‍ ലഭിച്ചിരുന്നു. സ്‌കൂട്ടര്‍ നമ്പരും വ്യക്തമായിരുന്നു, ഉടമസ്ഥന്‍ സതീഷ് കുമാര്‍ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ വീടിനു സമീപത്തു നിന്നും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. റാന്നി ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് സുനിതയെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സതീഷിന്റെ വീടിന്റെ പരിസരത്തുനിന്നും പിന്നീട് കണ്ടെത്തി. റാന്നി ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്. പെരുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ബിജുവിനെ കൂടാതെ എസ്.ഐമാരായ ലെഞ്ചുലാല്‍, റെജിതോമസ്, എസ് സി പി ഓമാരായ അച്ചന്‍ കുഞ്ഞ്, ആശ ഗോപാലകൃഷ്ണന്‍, അജിത് പ്രസാദ്, സി.പി.ഓമാരായ സുജിത് സുരേഷ്, വിഷ്ണു, ശരത്, ഹരിദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.