
കോന്നി: ഭര്‍തൃ വീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷിനെ (22)യാണ് ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ആശഷിന്റെ ഭാര്യ വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയത്തില്‍ ആര്യ കൃഷ്ണയെ (22)യാണ് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിന് പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്തെ വാടക വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്യയും രണ്ടര വയസുള്ള കുഞ്ഞുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവും വീട്ടുകാരും എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ആര്യയെ കാണുന്നത്. ആശിഷിന്റെയും, ആര്യയുടെയും പ്രേമവിവാഹമായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ആര്യ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെയാണ് ആശിഷിനൊപ്പം പോകുന്നത്. സ്‌കൂള്‍ കാലത്തുള്ള പരിചയമാണ് ഇരുവര്‍ക്കും. അന്ന് വീട്ടുകാര്‍ മകളെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ജീവനൊടുക്കിയതെന്ന ആര്യയുടെ പിതാവ് അനില്‍കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ആശിഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
നിരവധി വാടക വീടുകളിലായായിരുന്നു ആശിഷും മാതാപിതാക്കളും താമസിച്ചു വന്നിരുന്നത്. ഇയാള്‍ ജോലിക്കൊന്നും പോകാറില്ല. സാമ്പത്തിക ബാധ്യതയും ഇതിനിടെ ആര്യയുടെ ചുമലിലായി.കുറേ വായ്പകള്‍ എടുപ്പിക്കുകയും ചെയ്തു. ഒടുവില്‍ പുതിയ കാര്‍ വാങ്ങാന്‍ കരമൊടുക്കു രസീതു ആവശ്യപ്പെട്ടായിരുന്നു പീഡനം. വീട്ടുകാര്‍ക്കും ഇതില്‍ പങ്കുള്ളതായി പറയപ്പെടുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷമാണ് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തി ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.