
തിരുവല്ല: പാലിയേക്കരയിലെ ഡോക്ടറുടെ വീട് കൊള്ളയടിച്ച കേസില്‍ കൊല്ലം ആദിനാട് കാട്ടില്‍ക്കടവ് കൊച്ചാലുംമ്മൂട് കാഞ്ഞിക്കല്‍ പടിഞ്ഞാറേതില്‍ ബാബു(തേങ്ങാ ബാബു-56) പിടിയിലായി. അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ചും പൊട്ടിച്ചിരിപ്പിച്ചുമാണ് ഈ ‘പൊതിയാത്തേങ്ങ’ പിടിയിലായിരിക്കുന്നത്. താന്‍ ബംഗാളിയാണെന്ന് മലയാളത്തില്‍ വിളിച്ചു പറഞ്ഞാണ് ഇയാള്‍ ഓടിയതെന്നതാണ് പൊലീസിനെ ചിരിപ്പിച്ചത്.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബാബു ജീവിതത്തിന്റെ 20 വര്‍ഷത്തോളം ജയിലിലാണ് ചെലവഴിച്ചിട്ടുള്ള്ത്. ജൂണ്‍ ആറിന് രാത്രിയില്‍ പാലിയേക്കര ഉഷസില്‍ ഡോ. പി.ടി. അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 35000 രൂപയും അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളുമാണ് ബാബു മോഷ്ടിച്ചത്. വീട്ടിലെ സിസിടിവി കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. കൊല്ലം കൊച്ചാലുംമൂട്ടിലെ ബന്ധു വീടിന് അടുത്തുനിന്നും സാഹസികമായാണ് പൊലീസ് ഇയാളെ പിടിച്ചത്.
പോലീസിനെ കണ്ട് തോട്ടില്‍ച്ചാടിയ ബാബുവിനെ ഒരു രാത്രി നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. വിഗ് ധരിച്ചാണ് ഇയാള്‍ നടന്നിരുന്നത്. മോഷ്ടിക്കാന്‍ വരുമ്പോള്‍ വിഗ് മാറ്റും. മോഷണം കഴിഞ്ഞാല്‍ എടുത്ത് ധരിക്കും. പോലീസിന്റെ കൈയില്‍പ്പെട്ടതോടെ ‘ഞാന്‍ തേങ്ങാബാബുവല്ല, ബംഗാളിയാണെന്ന്’ മലയാളത്തില്‍ തന്നെ ഇയാള്‍ വിളിച്ചുപറഞ്ഞിരുന്നു. ഗ്ലൗസ് ധരിച്ച് കവര്‍ച്ചക്കിറങ്ങുന്ന ബാബുവിന്റെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നില്ല. വീട്ടിലെ കാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജൂലായ് 23ന് നാണ് ഇയാള്‍ ഒരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്. പാലിയേക്കരയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം ബംഗളൂരു യലഹങ്കയിലെ കടയിലാണ് വിറ്റത്. ഈ വകയില്‍ 1.20 ലക്ഷം രൂപ കിട്ടി. ഇതില്‍ ഒരു ലക്ഷം ബാബുവിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു.
ഡിവൈ.എസ്.പി. എസ്. അര്‍ഷദ്, എസ്.എച്ച്.ഒ. ബി.കെ. സുനില്‍ കൃഷ്ണന്‍, എസ്.ഐ. നിത്യ സത്യന്‍, സി.പി.ഒമാരായ മനോജ്, അഖിലേഷ്, അവിനാശ്, ഉദയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.