മോഷണം നടത്തി ജയിലില്‍ കയറും: ഇറങ്ങി വന്നിട്ട് പിന്നെയും മോഷ്ടിക്കും: പത്തോളം മോഷണക്കേസുകളില്‍ പ്രതിയായ ബിജു അറസ്റ്റില്‍

0 second read
Comments Off on മോഷണം നടത്തി ജയിലില്‍ കയറും: ഇറങ്ങി വന്നിട്ട് പിന്നെയും മോഷ്ടിക്കും: പത്തോളം മോഷണക്കേസുകളില്‍ പ്രതിയായ ബിജു അറസ്റ്റില്‍
0

മല്ലപ്പളളി: മോഷണം നടത്തുക, പിടിക്കപ്പെടുക, ജയിലില്‍ പോവുക. പുറത്തിറങ്ങി വീണ്ടും മോഷ്ടിക്കുക പിന്നെയും ജയിലില്‍പ്പോവുക. ഇതൊരു പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം വെമ്പായം പോത്തന്‍കോട് സെന്റ് തോമസ് യു.പി സ്‌കൂളിന് സമീപം ജൂബിലി ഭവന്‍ സെബാസ്റ്റിയന്‍ എന്ന് വിളിക്കുന്ന ബിജു (53) അറസ്റ്റില്‍. കീഴ്‌വായ്പൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെ തുമ്പുണ്ടായിരിക്കുന്നത് പത്തോളം മോഷണ കേസുകള്‍ക്കാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഇയാള്‍ ഇത്രയും മോഷണം നടത്തിയതെന്നതാണ് ഏറെ കൗതുകകരം.

മോഷണം നടത്താന്‍ പോകുന്നതിനുള്ള വാഹനവും മോഷ്ടിച്ചെടുക്കുന്ന ബിജു ഇന്ധനം തീരുമ്പോള്‍ അത് ഉപേക്ഷിക്കും. പിന്നെ ആ പരിസരത്ത് നിന്ന് മറ്റൊരു വാഹനം മോഷ്ടിച്ച് അതിലാകും സഞ്ചാരം. ഇതിന്റെ ഇന്ധനം തീരുമ്പോള്‍ അത് ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കും. മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ ആശുപത്രി ഫാര്‍മസി റൂമില്‍ മാര്‍ച്ച് 29 ന് പുലര്‍ച്ചെ അഞ്ചിന് ഫാര്‍മസിസ്റ്റായ മുരണി മൂര്‍ത്തിപ്ലാക്കല്‍ ബിന്ദു വേണുഗോപാലിന്റെ 80,000 രൂപ വിലവരുന്ന രണ്ട് പവന്‍ സ്വര്‍ണമാല കവരുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രതിക്കായുള്ള അനേ്വഷണം വ്യാപകമാക്കുകയും ശാസ്ത്രീയ അനേ്വഷണസംഘം, വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.

മോഷണം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച വിരലടയാളങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയതിനെ തുടര്‍ന്ന് ബിജുവിന്റെ വിരലടയാളം തിരിച്ചറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അനേ്വഷണം വ്യാപിപ്പിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്.

മല്ലപ്പള്ളി കിഴക്ക് ചാലുങ്കല്‍ പഞ്ചമി ദാസ് (36), ആനിക്കാട് നല്ലൂര്‍ പടവ് കരിമ്പോലില്‍ കമലസനന്റെ മകന്‍ വിശാല്‍ (28) എന്നിവരുടെ പരാതികള്‍ പ്രകാരമാണ് ഈ കേസുകള്‍ എടുത്തത്. പഞ്ചമിദാസിന്റെ വീടിന്റെ അടുക്കളയില്‍ മാര്‍ച്ച് 29 ന് തന്നെ കയറി അടുക്കളഭാഗത്തെ ടാപ്പും ജനലിന്റെ നെറ്റും ഇളക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. ഏപ്രില്‍ ഒമ്പതിന് രാത്രി ഒമ്പതിനും 10 ന് രാവിലെ ഏഴിനുമിടയില്‍ മല്ലപ്പള്ളി കെ മാര്‍ട്ട് ഷോപ്പിങ് കോംപ്ലക്‌സിലെ പലചരക്കു കടയുടെ മുന്‍ഭാഗം ഗ്ലാസ് തകര്‍ത്ത് കടക്കുള്ളില്‍ കയറി ജീവകാരുണ്യ സംഭാവനക്കായി വച്ചിരുന്ന രണ്ട് ബോക്‌സുകളിലെ 1500 രൂപയും ഡ്രോയറില്‍ നിന്നും 34800 രൂപയും മോഷ്ടിച്ചതാണ് മൂന്നാമത്തെ കേസ്.

കടയ്ക്ക് പുറത്ത് വച്ചിരുന്ന ഉടമയുടെ 70000 രൂപയുള്ള സ്‌കൂട്ടറും മോഷ്ടിച്ചു. ഇയാള്‍ മോഷ്ടിച്ച ഒരു മോട്ടോര്‍ സൈക്കിള്‍ കടയ്ക്ക് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവിടെ നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍ പായിപ്പാട് നിന്ന് കണ്ടെടുത്തു. മോഷണം നടന്ന സ്ഥലങ്ങളില്‍ നിന്നെടുത്ത വിരലടയാളങ്ങളെല്ലാം വിശദമായ ശാസ്ത്രീയ പരീക്ഷണത്തിന് വിദഗ്ദ്ധര്‍ വിധേയമാക്കിയത് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ ഏറെ സഹായിച്ചു.

ചോദ്യം ചെയ്യലില്‍ നിരവധി മോഷണങ്ങളെപ്പറ്റി പ്രതി വെളിപ്പെടുത്തി. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ ആറിന് ബജാജ് പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് എടുത്താണ് ഒമ്പതിന് ആനിക്കാട് കെ മാര്‍ട്ടില്‍ എത്തി മോഷണം നടത്തിയത്. അവിടെ ആ ബൈക്ക് ഉപേക്ഷിച്ചിട്ട് അവിടെ നിന്നെടുത്ത സ്‌കൂട്ടറുമായി കടന്നു. പിന്നീട് പായിപ്പാട് ഉപേക്ഷിച്ചു. ഏപ്രില്‍ 12 ന് ഇലവും തിട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ യമഹ ബൈക്ക് മോഷ്ടിച്ചു. മാര്‍ച്ച് 25 നാണ് ബിജു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായത്. തുടര്‍ന്നാണ് ഈ മോഷണങ്ങളും നടത്തിയത്. 26 ന് വെമ്പായത്തു നിന്നും ഹോണ്ട യുണികോണ്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചാണ് മോഷണ പരമ്പരക്ക് തുടക്കമിട്ടത്. അടുത്ത ദിവസം രാത്രിയും 28 ന് പുലര്‍ച്ചെക്കുമിടയില്‍ അടൂരില്‍ നിന്നും റെേനാള്‍ട്ട് കാര്‍ മോഷ്ടിച്ചു. പോലീസ് അനേ്വഷണത്തില്‍ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിന് സമീപമുള്ള വര്‍ക്ക് ഷോപ്പില്‍ നിന്നും കാര്‍ കണ്ടെടുത്തു.

തിരുവനന്തപുരം കഴക്കൂട്ടം, വെഞ്ഞാറമ്മൂട്, പോത്തന്‍കോട്, കോട്ടയം ഏറ്റുമാനൂര്‍, പള്ളിക്കാത്തോട്, ആലപ്പുഴ ചെങ്ങന്നൂര്‍, കൂടാതെ പുളിക്കീഴ്, ആറന്മുള, കീഴ്‌വായ്പ്പൂര്‍ എന്നീ സ്‌റ്റേഷനുകളില്‍ഉള്‍പ്പെടെ 16 ഓളം മോഷണക്കേസുകള്‍ ബിജുവിനെതിരെ നിലവിലുണ്ട്. സാഹസികവും തന്ത്രപൂര്‍വവും പിഴവുകളില്ലാതെയുമുള്ള കീഴ്‌വായ്പ്പൂര്‍ പോലീസിന്റെ അനേ്വഷണമാണ് മോഷ്ടാവിനെ കുടുക്കാനിടയാക്കിയത്.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …