ഐപിഎല്ലിലും ഒരു പാട് തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദ്ര സെവാഗ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായാണ് അദ്ദേഹം ഐപിഎല്‍ കളിച്ചിട്ടുള്ളത്.
ഐപിഎല്ലില്‍ രണ്ട് തവണ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് താന്‍ സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോള്‍ സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടിയത് മകനുവേണ്ടിയാണെന്നാണ് സെവാഗിന്റെ വെടിപ്പെടുത്തല്‍. മകനെ സ്‌കൂളില്‍ കളിയാക്കിയതിന്റെ പേരില്‍ സെഞ്ച്വറി നേടിയ കഥ വീരു വെളിപ്പെടുത്തിയത് ഇങ്ങനെ.
സിഎസ്‌കെയ്‌ക്കെതിരേ സെഞ്ച്വറി നേടിയത് എപ്പോഴും എനിക്ക് സവിശേഷമായതാണ്. മറക്കാനാവാത്ത നേട്ടമാണിത്. ഈ മത്സരത്തിന് മുമ്പ് എനിക്ക് അധികം റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് എന്റെ മകന്‍ ഫോണില്‍ വിളിച്ചു. ഡാഡ് നിങ്ങള്‍ക്ക് റണ്‍സ് നേടാനാവാത്തതില്‍ എന്റെ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് എന്നോട് പറഞ്ഞു. അവനു വേണ്ടി എനിക്ക് റണ്‍സ് നേടണമായിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ 122 റണ്‍സടിച്ചതോടെ മകന്‍ വളരെ സന്തോഷവാനായി. ചെന്നൈ വലിയ ടീമാണ്. ഒറ്റയാള്‍ പ്രകടനം കൊണ്ട് മാത്രം തോല്‍പ്പിക്കാന്‍ സാധിക്കുന്ന നിരയല്ല അവരുടേത്. ഞങ്ങളെക്കാളും മികച്ച നിരയായിരുന്നു അവരുടേത്. എന്നാല്‍ ടി20യുടെ സവിശേഷത ഇതാണ്. ഒരു താരത്തിന്റെ പ്രകടനം കൊണ്ട് ശക്തരായ എതിര്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കും’ സെവാഗ് പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 58 പന്തിലാണ് സെവാഗ് 122 റണ്‍സ് നേടിയത്. 12 ഫോറും 8 സിക്‌സും സെവാഗ് പറത്തി. 210.34 സ്‌െ്രെടക്കറേറ്റില്‍ കളിച്ച സെവാഗിന്റെ പ്രകടനംകൊണ്ട് ആറ് വിക്കറ്റിന് 226 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനായി. മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്കായി സുരേഷ് റെയ്‌ന 25 പന്തില്‍ 87 റണ്‍സാണ് അടിച്ചെടുത്തത്.
348 സ്‌ട്രൈക് റേറ്റില്‍ തകര്‍ത്തടിച്ച റെയ്‌ന 12 ഫോറും ആറ് സിക്‌സുമാണ് പറത്തിയത്. മത്സരത്തില്‍ റെയ്‌ന റണ്ണൗട്ടായത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി മാറി. എംഎസ് ധോണി 31 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്നെങ്കിലും ഏഴ് വിക്കറ്റിന് 202 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്ക് സാധിച്ചുള്ളൂ. 23 റണ്‍സിന്റെ ആവേശ ജയം പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു.