അടൂര്‍: ഇതാണ് ശരിക്കും ദൈവത്തിന്റെ കരം. നില തെറ്റി ബസില്‍ നിന്ന് തെറിച്ച് പുറത്തേക്ക് വീഴാനൊരുങ്ങിയ യാത്രക്കാരനെ കണ്ണിമ ചിമ്മുന്ന വേഗത്തില്‍ കണ്ടക്ടര്‍ പിടിച്ചു നിര്‍ത്തി. വീഴ്ചയുടെ ആഘാതത്തില്‍ ബസിന്റെ ഡോര്‍ തുറന്നു പോവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെ ആരാണ് ആ കണ്ടക്ടര്‍ എന്ന ചോദ്യമാണ് ഉയര്‍ന്നത്. പന്തളം-അടൂര്‍ ചവറ റൂട്ടില്‍ ഓടുന്ന സുനില്‍ ബസിലെ കണ്ടക്ടര്‍ ബിലു എന്ന ബിജിത്ത് ലാലാണ് ആ കണ്ടക്ടര്‍ എന്ന് കണ്ടെത്തി. ചവറയില്‍ നിന്നും ട്രിപ്പ് ആരംഭിച്ച് അടൂരിലേക്ക് വരുന്ന വഴിയാണ് സംഭവം. ശാസ്താംകോട്ടയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരന്‍ ബസിന്റെ വാതി ലിനെ നേരെയാണ് നിന്നിരുന്നത്.
ബസ് ചെറിയൊരു വളവ് തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് യാത്രക്കാരന്‍ ഫുട്‌ബോര്‍ഡിലേക്ക് വീഴുകയായിരുന്നു. ഇയാള്‍ പിടിവിട്ടു വീഴുന്നതിനിടെ ലോക്ക് തട്ടി വാതിലും പുറത്തേക്ക് തുറന്നു. എന്നാല്‍, യാത്രക്കാരന്‍ വീഴാന്‍ പോയ അതേ വേഗതയില്‍ കണ്ടക്ടര്‍ ബിലു അയാളെ ചാടിപ്പിക്കുകയായിരുന്നു. തന്റെ ജോലിക്കിടെയാണ് മിന്നല്‍ റിയാക്ഷന്‍ ഉണ്ടായത്. ബസിന്റെ കമ്പിയില്‍ ചാരി നില തെറ്റാതെ നിന്ന് ഒറ്റക്കൈ കൊണ്ടാണ് ബിലു യാത്രക്കാരനെ പിടിച്ചു നിര്‍ത്തിയത്. കണ്ടക്ടര്‍ പിടിച്ചില്ലായിരുന്നെങ്കില്‍ യാത്രക്കാരന്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് വീണ് അപകടം സംഭവിക്കുമായിരുന്നു.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് കാരാളിമുക്കിനും മാമ്പഴ മുക്കിനും ഇടയിലായിരുന്നു സംഭവം. ബസിനുള്ളിലെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നത് വൈറലായി. ഇതോടെ ബിലുവിന് നാനാതുറകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. മണ്‍റോ തുരുത്ത് സ്വദേശിയായ ബിലുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. വൈറല്‍ ആകുന്നതിലുപരി ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ബിലു പറഞ്ഞു.