മൂന്നു മുന്നണികളോടും മടുപ്പ്: പൊരിവെയിലും കൊടുംചൂടും: ഉപജീവനത്തിനായി നാടുവിട്ടവരും ഏറെ: പത്തനംതിട്ടയില്‍ പോളിങ് ശതമാനം കുറച്ചത് ഇതൊക്കെ

0 second read
Comments Off on മൂന്നു മുന്നണികളോടും മടുപ്പ്: പൊരിവെയിലും കൊടുംചൂടും: ഉപജീവനത്തിനായി നാടുവിട്ടവരും ഏറെ: പത്തനംതിട്ടയില്‍ പോളിങ് ശതമാനം കുറച്ചത് ഇതൊക്കെ
0

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം പത്തനംതിട്ടയില്‍ രേഖപ്പെടുത്താന്‍ കാരണം വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളോടുള്ള ഇഷ്ടക്കേടെന്ന് സൂചന. വോട്ടിങിന് പോകാതിരുന്ന മിക്കവരും ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളോടുള്ള താല്‍പര്യക്കുറവാണ്. ഏറ്റവും അസംതൃപ്തി തോമസ് ഐസക്കിനോടും ആന്റോ ആന്റണിയോടുമാണ്. കിഫ്ബി കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചതും ശമ്പളവും പെന്‍ഷനും അടക്കം പ്രതിസന്ധിയിലാക്കിയതും തോമസ് ഐസക്കാണെന്നാണ് ഇവരുടെ അഭിപ്രായം.

ആന്റോ ആന്റണി കഴിഞ്ഞ മൂന്നു ടേമിലായി മണ്ഡലത്തില്‍ ഒന്നും ചെയ്തിട്ടില്ല. എല്‍ഡിഎഫിലോ യുഡിഎഫിലോ ആര് ജയിച്ചാലും പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ലാത്തതും വോട്ടര്‍മാരുടെ താല്‍പര്യക്കുറവിന് കാരണമായി. ഇവരില്‍ ആര് ജയിച്ചാലും പാര്‍ലമെന്റില്‍ ചെന്നാല്‍ ഒന്നാണ്. പ്രതിപക്ഷത്തിരിക്കുകയും വേണം. പിന്നെ വെയിലും ചൂടും സഹിച്ചത് എന്തിന് വോട്ടു ചെയ്യണം. പകല്‍ മുഴുവന്‍ ഭക്ഷണവും കഴിച്ച് സുഖമായി കിടന്ന് ഉറങ്ങിയെന്നാണ് ഒരു വോട്ടര്‍ പ്രതികരിച്ചത്.

കേന്ദ്രമായാലും കേരളമായാലും ഒരു വ്യത്യാസവുമില്ലെന്ന് കരുതുന്ന വോട്ടര്‍മാരുമുണ്ട്. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി. ഇന്ധനവില വര്‍ധനവാണ് മറ്റൊരു കാരണം. കേരളത്തിലേക്ക് വന്നാല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കിട്ടുന്നില്ല. ഇതിനിടെ സര്‍ക്കാരിന്റെ ധൂര്‍ത്ത് മറ്റൊരു വഴിക്ക് നടക്കുന്നു. കിഫ്ബി കൊണ്ടു വന്ന് കേരളം കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കാണ്. ഭരണത്തിന്റെ പേര് കുട്ടിസഖാക്കളും മുതിര്‍ന്ന സഖാക്കളും ഗുണ്ടായിസം കാട്ടുന്നു. സാധാരണക്കാരന് പോലും രക്ഷിയില്ലാത്ത അവസ്ഥ.

രണ്ടു മുന്നണികളെയും തഴഞ്ഞ് എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യാമെന്ന് കരുതിയാല്‍ അനില്‍ ആന്റണിയോട് താല്‍പര്യമില്ല. പി.സി. ജോര്‍ജ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയെങ്കില്‍ തീര്‍ച്ചയായും വോട്ട് ചെയ്യാന്‍ പോകുമായിരുന്നുവെന്ന് ചില വോട്ടര്‍മാര്‍ പറഞ്ഞു. ഇനി ഒരു വിഭാഗം ഇതേ അഭിപ്രായം വച്ചു പുലര്‍ത്തുന്നുണ്ടെങ്കിലും പോയി നോട്ടയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്. വോട്ടിങ് ശതമാനം എങ്ങനെ കുറഞ്ഞുവെന്നതാണ് മുന്നണികള്‍ ചര്‍ച്ച ചെയ്യുന്നതും തല പുകയ്ക്കുന്നതും.

വലിയൊരു വിഭാഗം പ്രവാസികളുടെ വോട്ടും ചെയ്യാതെ പോയി. ഉപജീവനം തേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോയിട്ടുള്ള യുവാക്കളും ഏറെയുണ്ട്. ഇതൊക്കെയും പോളിങ് ശതമാനം ഒരു പരിധി വരെ കുറച്ചു.

ലോക്‌സഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ളഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. മണ്ഡലം നിലവില്‍ വന്നതിന് ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പ് 2009 ലാണ്. അന്ന് 12,13,370 വോട്ടുള്ളതില്‍ 7,98,232 വോട്ടാണ് ചെയ്തത്. 65.8 ശതമാനം. 2014 ല്‍ ആകെ വോട്ട് 13,23,906 ആയിരുന്നു. പോള്‍ ചെയ്തത്8,69,452. 65.70 ശതമാനം. 2019 ല്‍ ആകെ വോട്ട് 13,82,741. പോള്‍ ചെയ്തത് 10,26,553. 74.24 ശതമാനം. ഇക്കുറി ആകെ വോട്ടര്‍മാരുടെ എണ്ണം 14,29,700 ആണ്. ആകെ ചെയ്തിരിക്കുന്നത് 9,05,727 വോട്ടാണ്. 2009 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി 51.1 ശതമാനം വോട്ട് നേടി വിജയിച്ചു. എല്‍.ഡി.എഫിലെ അനന്തഗോപന് 37.2 ശതമാനം വോട്ട് കിട്ടി. അന്ന് ബിജെപിയുടെ വോട്ട് വിഹിതം വെറും 7.1 ശതമാനമായിരുന്നു.
പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ബി.ജെ.പി വോട്ടു വിഹിതം വര്‍ധിപ്പിച്ചപ്പോള്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വോട്ട് ഗണ്യമായി കുറയുന്നതാണ് കാണാന്‍ സാധിച്ചത്. 2014 ല്‍ യു.ഡി.എഫ് 41.19 , എല്‍.ഡി.എഫ് 34.74, എന്‍.ഡി.എ 15.95 എന്നിങ്ങനെയായിരുന്നു മുന്നണികള്‍ക്ക് കിട്ടിയ വോട്ടുകളുടെ ശതമാനം. 2019 ല്‍ ഇത് യഥാക്രമം 37.08, 32.77, 28.95 എന്നിങ്ങനെയായി. എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് വിഹിതം കുറഞ്ഞപ്പോള്‍ ബി.ജെ.പി അത് ഏറെക്കുറെ ഇരട്ടിയാക്കി.
ഇത്തവണ ഈ കണക്കുകളെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് വോട്ടിങ് ശതമാനം 63.37 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ പോളിങ് ശതമാനം കൂടാനുണ്ടായ കാരണം ശബരിമല സ്ത്രീ പ്രവേശന വിഷയമായിരുന്നു. അതു കൊണ്ടു തന്നെ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടാക്കിയയത് ബി.ജെ.പിയായിരുന്നു. ഇക്കുറി വലിയൊരു വിഭാഗം തെരഞ്ഞെടുപ്പിനോട് മുഖം തിരിച്ചുവെന്നാണ് കരുതേണ്ടത്. മൂന്നു മുന്നണികളും പ്രചാരണം കൊഴുപ്പിച്ചെങ്കിലും താഴേത്തട്ടിലേക്ക് പ്രചാരണം എത്തിച്ചത് എല്‍.ഡി.എഫ് മാത്രമാണ്. ഭവന സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങളില്‍ എല്‍.ഡി.എഫ് മികച്ചു നിന്നു. എന്‍.ഡി.എയും യു.ഡി.എഫും ഭവന സന്ദര്‍ശനം അടക്കം പലയിടത്തും നടത്തിയിട്ടില്ല.

Load More Related Articles
Load More By Veena
Load More In EDITORIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…