
പത്തനംതിട്ട: സാക്ഷിമൊഴി മാറ്റിപ്പറയാത്ത വിരോധം കാരണം ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പറയനാലി മലങ്കാവ് കൊച്ചുമുരുപ്പേല്‍ വീട്ടില്‍ എം ടി സാകുട്ടി (39) ആണ് പിടിയിലായത്. ഇയാള്‍ നേരത്തെ ഉള്‍പ്പെട്ട കേസില്‍ സാക്ഷിയായ ഓമല്ലൂര്‍ പറയനാലി മടുക്കുവലില്‍ വീട്ടില്‍ ജിജോ മോന്‍ ജോജിയെയാണ്, സാക്ഷിമൊഴി മാറ്റിപ്പറയാത്തതിന് കഴിഞ്ഞ എട്ടിനു രാവിലെ മലങ്കാവ് ജങ്ഷനില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. ഒരാളെ കൊന്ന തനിക്ക് മൂന്നുപേരെ കൊന്നാലും ശിക്ഷ ഒന്നുതന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുകയും ചെയ്തു.
ജിജോ പത്തനംതിട്ട സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞതുപ്രകാരം മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ് ഐ ജെ ബിനോജ് ആണ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട മാര്‍ക്കറ്റിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. സാക്ഷിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ 2018 ല്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണെന്നും, ജാമ്യത്തിലാണെന്നും, കേസില്‍ രണ്ടാം സാക്ഷിയായ ജിജോ മോനെ ഭീഷണിപ്പെടുത്തിയതിലൂടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായും കണ്ടെത്തി. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.