റാന്നി: വെട്ടേറ്റു മരിച്ച പച്ചക്കറി വ്യാപാരിയുടെ മൃതദേഹത്തിന് കാവല്‍ നിന്ന പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. എസ്.സി.പി.ഓ ടി. ലിജുവിനാണ് മദ്യപിച്ചെത്തിയ യുവാക്കളില്‍ നിന്നും മര്‍ദ്ദനമേറ്റത്. റാന്നി മുണ്ടപ്പുഴ പുതുശ്ശേരില്‍ വിഷ്ണു (29), കരുണാലയം വീട്ടില്‍ കെ. എസ്.ശ്രീജിത്ത്(35), കീക്കാവില്‍ അര്ജുന് (20) എന്നിവരെയാണ് പോലീസ് മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്. ഞായറാഴ്ച രാത്രി 9.30 ന് മാര്‍ത്തോമ്മ ആശുപത്രിക്ക് സമീപം പച്ചക്കറി കടയില്‍ അടിപിടി നടക്കുന്ന വിവരമറിഞ്ഞ് പോലീസ് ഇന്‍സ്പെക്ടറും സംഘവും എത്തി. അപ്പോഴേക്കും പരുക്കു പറ്റിയ വ്യാപാരി അനിലിനെ മാര്‍ത്തോമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
പോലീസ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അനില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിക്ക് സമീപം സ്ട്രെച്ചറില്‍ കിടത്തിയിരിക്കുകയായിരുന്നു. എസ്.സി.പി.ഓ ലിജുവിനെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചു. രാത്രി 11. 30 ഓടെ പിക്കപ്പ് വാനില്‍ പോലീസിനെ ചീത്ത വിളിച്ചു കൊണ്ട് അവിടെ എത്തിയ പ്രതികള്‍ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇവര്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ആകുമെന്ന് കരുതിയ ലിജു, ബഹളം വയ്ക്കാതിരുന്നാല്‍ മൃതദേഹം കാണിക്കാമെന്ന് പറഞ്ഞു. മൃതദേഹം കണ്ട ശേഷം പ്രതിയെ പിടിക്കാത്തത് എന്താടാ എന്നാക്രോശിച്ചു കൊണ്ട് അസഭ്യം വിളിച്ച ശേഷം ലിജുവിനെ ആക്രമിക്കുകയായിരുന്നു.
താക്കോല്‍ കൊണ്ടുള്ള കുത്ത് തടഞ്ഞ ലിജുവിന്റെ ഇടതു കൈ നടുവിരലിനും, വലതുകൈത്തണ്ടയിലും മുറിവേറ്റു.
മുഖത്ത് അടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സ്ഥലത്തു നിന്നും മാറിനില്ക്കാന് ശ്രമിച്ച ലിജുവിനെ തടഞ്ഞുനിര്‍ത്തി പുറത്തടിക്കുകയും വെളിയില്‍ ഇറങ്ങിയാല്‍ കൊല്ലുന്ന ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞു സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു. ചികിത്സ തേടിയ ലിജുവിന്റെ മൊഴിപ്രകാരം പ്രതികള്‍ക്കെതിരെ ഔസ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.