സംസ്ഥാന ലോട്ടറി കരുവാക്കി മൂന്നക്ക ലോട്ടറി കച്ചവടം: അവസാന മൂന്നു നമ്പരുകള്‍ക്ക് സമ്മാനം: ടിക്കറ്റ വിലയും കുറവ്: രണ്ടു പേര്‍ തിരുവല്ലയില്‍ അറസ്റ്റില്‍

0 second read
0
0

തിരുവല്ല: സംസ്ഥാന ലോട്ടറിക്കൊപ്പം അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം നടത്തിയ കടയുടമയും ജീവനക്കാരനും അറസ്റ്റില്‍. കവിയൂര്‍ തോട്ടഭാഗം ജങ്ഷനില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് പിന്നില്‍ പുതിയതായി തുടങ്ങിയ ബിഎസ്എ ലോട്ടറീസ് കടയുടെ ഉടമ പുറമറ്റം പടുതോട് പഴൂര്‍ വീട്ടില്‍ ബിനു ചെറിയാന്‍ (47), ജീവനക്കാരന്‍ കോട്ടയം കുഴിമറ്റം പുതുപ്പറമ്പില്‍ വീട്ടില്‍ അഭിഷേക് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിനു വാടകയ്‌ക്കെടുത്ത കടമുറിയിലാണ് കച്ചവടം നടന്നിരുന്നത്.

സംസ്ഥാന ലോട്ടറി യുമായി ബന്ധപ്പെട്ട് പുതിയ രീതിലുള്ള തട്ടിപ്പ് പോലീസ് പരിശോധനയില്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ
വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലപ്രഖ്യാപനത്തിന് വിരുദ്ധമായി പുതിയ രീതിയില്‍ ഫലം നിര്‍ണയിക്കുകയും പണം നല്‍കുകയും ചെയ്ത് ലാഭം കൊയ്തുവരികയായിരുന്നു. പുതിയതായി വരുന്ന ആളുകള്‍ തുടക്കത്തില്‍ ടിക്കറ്റ് വാങ്ങിയശേഷം ‘എഴുത്ത് ഉണ്ടോ’ എന്ന് കോഡ് ഉപയോഗിച്ച് അംഗത്വം സ്വീകരിക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ഫോണിലൂടെ ഈ ആവശ്യവുമായി വരുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ ഇവര്‍ നേരിട്ടോ ഫോണിലൂടെയോ മൂന്ന് അക്കങ്ങള്‍ ഏത് സമ്മാനത്തിന്റെ വിഭാഗത്തിലേക്കും എത്ര എണ്ണം വേണമെങ്കിലും ബുക്ക് ചെയ്യും. ഓരോ ദിവസവും ലോട്ടറി ടിക്കറ്റ് ഫലം വന്ന് കഴിയുമ്പോള്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അവസാന 3 അക്കങ്ങള്‍ ഇവിടെ ബുക്ക് ചെയ്ത ടിക്കറ്റിലെ നമ്പരിന് ഉണ്ടെങ്കില്‍ 5000 രൂപയും രണ്ടാം സ്ഥാനത്തില്‍ ഇതു പോലെ ഉണ്ടെങ്കില്‍ 500 രൂപയും കടയുടമ നല്‍കും. മൂന്നാം സമ്മാനം നേടിയ ടിക്കറ്റില്‍ ആദ്യം വരുന്ന 3 ടിക്കറ്റിലെ അവസാനത്തെ 3 അക്കം ഉണ്ടായാല്‍ 500 രൂപ, 5000 രൂപ സമ്മാനം നേടിയ ടിക്കറ്റില്‍ ആദ്യം വരുന്ന 3 നമ്പരിലെ അവസാനത്തെ 3 അക്കം ഉണ്ടായാല്‍ 250 രൂപ,1 000 രൂപ സമ്മാന ടിക്കറ്റിലും ഇതേ രീതിയിലാണ് സമ്മാനം നല്‍കുക.

എവിടെയും മൂന്ന് അക്കങ്ങള്‍ക്കാണ് സമ്മാനം .ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഒരു ടിക്കറ്റിന് 10 രൂപയെയുള്ളൂ എന്നതാണ്. ഇവിടെ ടിക്കറ്റ് വാങ്ങേണ്ടതില്ല, പകരം ആളുകള്‍ക്ക് ഇഷ്ടമുള്ള അവസാന 3 അക്കം ഏത് സമ്മാനത്തുകയുടെ വിഭാഗത്തിലേക്കാണ് ബുക്ക് ചെയ്യുന്നത് എന്നവിവരം ഇവരെ നേരിട്ട് അറിയിക്കുകയോ ഫോണിലൂടെ അറിയിക്കുകയോ ചെയ്യുന്നതാണ് രീതി. വളരെ രഹസ്യമായാണ് ആളുകള്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ടെന്ന് പോലീസ് കണ്ടെത്തി.

അംഗത്വമെടുക്കലും ലോട്ടറി നമ്പര്‍ കൈമാറ്റവും തകൃതിയായി നടക്കുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ നടപടിയിലാണ് പ്രതികള്‍ കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

സാധാരണ രീതിയിലുള്ള ലോട്ടറി കച്ചവടവും ഇവിടെ നടക്കുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ലോട്ടറി വകുപ്പിന്റെ നിയമത്തിനു വിരുദ്ധമായി അനധികൃതമായി പ്രവര്‍ത്തിച്ച് ചൂതുകളിയിലൂടെ അമിതലാഭം സമ്പാദിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിവൈ.എസ്.പി എസ്.
അഷാദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഘത്തില്‍ എസ്.ഐ ജി ഉണ്ണികൃഷ്ണന്‍, പ്രൊബേഷന്‍ എസ് ഐ ഹരികൃഷ്ണന്‍, എസ് സി പി ഓ പുഷ്പദാസ് എന്നിവരാണ് ഉണ്ടായിരുന്നത്. ഏജന്‍സി റെയ്‌സ് ചെയ്ത് ലോട്ടറിയും നമ്പര്‍ കുറിച്ചു വച്ചിരിക്കുന്ന തുണ്ടു കടലാസുകളും, മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

സൈക്കിളില്‍ പോയ വിദ്യാര്‍ഥിയെയും കാല്‍നടയാത്രക്കാരനെയും കാട്ടുപന്നി കുത്തി വീഴത്തി: ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടൂര്‍:കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയും വയോധികനും രക്ഷപ്പെട്ടത…