
റാന്നി: പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. പുതുശേരിമല സ്വദേശി അനില്‍, മകള്‍ നിരഞ്ജന, സഹോദര പുത്രന്‍ ഗൗതം സുനില്‍ എന്നിവരാണ് മരിച്ചത്. പമ്പയാറ്റില്‍ മുണ്ടപ്പുഴ ചന്തക്കടവ് പമ്പ് ഹൗസിന് സമീപുള്ള കടവില്‍ കുളിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ടത്. അനില്‍ പെയിന്ററാണ്. അനിലും ഗൗതമുമാണ് ആദ്യം നദിയിലേക്ക് ഇറങ്ങിയത്.
ആഴമുണ്ടെന്നും ഇറങ്ങരുതെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അനില്‍ ഇത് അവഗണിക്കുകയായിരുന്നു. ഉടനെ ഇരുവരും ഒഴുക്കില്‍പ്പെട്ടു.ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിരഞ്ജനയും സഹോദരിയും ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ സാരിയെറിഞ്ഞ് സഹോദരിയെ രക്ഷിച്ചു. നിരഞ്ജനയ്ക്ക് സാരി എറിഞ്ഞ് നല്‍കിയെങ്കിലും കുട്ടി അച്ഛനെ രക്ഷിക്കാന്‍ ശ്രമം തുടരുകയായിരുന്നു ഇതിനിടെയാണ് കുട്ടിയും മുങ്ങി മരിച്ചത്. ഫയര്‍ ഫോഴ്‌സാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗതം.
പുതുശേരിമല സ്വദേശിയാണ് അനില്‍. അവിടെ വെള്ളമില്ലെന്ന് പറഞ്ഞ് ഉതിമൂട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്ത് എത്തി.