ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയുടെ പണിക്ക് പോയി: തൊഴിലുറപ്പില്‍ ഉഴപ്പിയ മൂന്നു മേറ്റുമാര്‍ക്ക് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍: 70 തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലിയും പോയി

1 second read
Comments Off on ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയുടെ പണിക്ക് പോയി: തൊഴിലുറപ്പില്‍ ഉഴപ്പിയ മൂന്നു മേറ്റുമാര്‍ക്ക് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍: 70 തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലിയും പോയി
0

അടൂര്‍: തൊഴിലുറപ്പ് പണി നടക്കുന്ന സ്ഥലത്ത് ചെന്ന് ഒപ്പുമിട്ട് ഫോട്ടോയുമെടുത്ത ശേഷം തൊഴിലാളികള്‍ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ പോയി. മൂന്നു മേറ്റുമാരെ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ സസ്‌പെന്‍ഡ് ചെയ്തു. 70 തൊഴിലാളികള്‍ക്ക് ആ ദിവസത്തെ വേതനം നല്‍കുന്നതും തടഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലാണ് സംഭവം. മേറ്റുമാരായ ഓ.ലേഖ, എസ്. സുനിത, ടി. ശശികല എന്നിവരെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോട്ടുവ മുരളി, ബി.ജെ.പിയിലെ എം. മനു, യൂത്ത്‌കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പള്ളിക്കല്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ രാധാകൃഷ്ണക്കുറുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജനുവരി 20 ന് പഞ്ചായത്തിലെ 20-ാം വാര്‍ഡില്‍ ഭൂമി തട്ടുതിരിക്കല്‍, തീറ്റപ്പുല്‍ കൃഷി എന്നിവയുമായി ബന്ധപ്പെട്ട് ജോലി നടക്കുന്ന സ്ഥലത്ത് ചെന്ന് ഹാജര്‍ രേഖപ്പെടുത്തി, ഫോട്ടോയും എടുത്തതിന് ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങലയ്ക്ക് പോയി എന്നാണ് പരാതി. ഓംബുഡ്‌സ്മാന്റെ നിര്‍ദേശപ്രകാരം ബിഡിഒ നടത്തിയ അന്വേഷണത്തില്‍ 20-ാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലി സ്ഥലത്ത് മേറ്റുമാരും തൊഴിലാളികളും ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നും പദ്ധതി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാതെ രാഷ്ട്രീയ സംഘടനകളുടെ പരിപാടിക്ക് പോയ മൂന്നു മേറ്റുമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തൊഴിലാളികളുടെ വേതനം കുറവ് ചെയ്യുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് തൊഴിലാളികളുടെ യോഗത്തിലും മേറ്റുമാരുടെ പരിശീലനത്തിലും പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പ്രോഗ്രാം ഓഫീസറും പ്രത്യേക നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പന്തളം കുരമ്പാലയില്‍ മിനി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളം: എംസി റോഡില്‍ കുരമ്പാല കവലയ്ക്കു സമീപം മിനി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്…