പത്തനംതിട്ടയിലെ പോലീസ് നരനായാട്ട്: എസ്‌ഐ അടക്കം മൂന്നു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു: എഫ്‌ഐആര്‍ പ്രതികള്‍ക്ക് അനുകൂലമെന്ന് പരാതി

0 second read
Comments Off on പത്തനംതിട്ടയിലെ പോലീസ് നരനായാട്ട്: എസ്‌ഐ അടക്കം മൂന്നു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു: എഫ്‌ഐആര്‍ പ്രതികള്‍ക്ക് അനുകൂലമെന്ന് പരാതി
0

പത്തനംതിട്ട: അര്‍ധരാത്രിയില്‍ സ്ത്രീകള്‍ അടക്കമുള്ള വിവാഹപ്പാര്‍ട്ടിയെ തല്ലിച്ചതച്ച സംഭവത്തില്‍ എസ്.ഐ അടക്കം മൂന്നു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട സ്‌റ്റേഷനിലെ എസ്.ഐ ജെ.യു. ജിനു, സി.പി.ഓമാരായ ജോബിന്‍ ജോസഫ്, അഷ്ഫാക് എന്നിവര്‍ക്കെതിരേയാണ് നടപടി. മൂന്നു പേര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. എസ്‌ഐയെ രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.

മുണ്ടക്കയം പുഞ്ചവയല്‍ കുളത്താശേരിയില്‍ ശ്രീജിത്ത് (34), ഭാര്യ എരുമേലി നോര്‍ത്ത് തുലാപ്പളളി ചെളിക്കുഴിയില്‍ സി.ടി. സിതാര മോള്‍ (31), ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡില്‍ ഷിജിന്‍ (35) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെ അബാന്‍ ജങ്ഷനില്‍ വച്ച് പോലീസ് സംഘം പൊതിരെ തല്ലിയത്. പോലീസ് ഡ്രൈവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ നടപടിയില്‍ നിന്നൊഴിവാക്കി.

അടൂരില്‍ സിതാരയുടെ സഹോദരന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പോലീസ് അതിക്രമം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജങ്ഷനില്‍ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കി വിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ചു പേര്‍ പുറത്തിറങ്ങി നിന്നു. സെല്‍ഫി എടുപ്പും മറ്റുമായി റോഡരികില്‍ നിന്ന ഇവരെ പാഞ്ഞെത്തിയ പോലീസ് വാഹനത്തില്‍ നിന്ന് മഫ്തി വേഷത്തില്‍ ചാടിയിറങ്ങിയ എസ്.ഐയും സംഘവും പൊതിരെ തല്ലുകയായിരുന്നു. ഓടെടാ എന്ന് പറഞ്ഞ് പിന്നാലെ ചെന്ന് എല്ലാവരെയും തല്ലി. ഇതിനിടെ സിതാരയക്ക് മര്‍ദനം ഏല്‍ക്കാതിരിക്കാന്‍ സഹോദരനായ ഷിജിന്‍ ശ്രമിച്ചു. പോലീസിനെ ഭയന്നോടിയ സിതാര ഇതിനിടെ വീണു. സിതാരയെ നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടിയെന്നും പറയുന്നു. ഷിജിനെയും പൊതിരെ തല്ലി. എന്തിനാണ് വെറുതെ നിന്നവരെ തല്ലുന്നത് എന്ന് ചോദിച്ച ശ്രീജിത്തിനും അടി കിട്ടി. ഏതാനും മിനുട്ടുകള്‍ നീണ്ട മിന്നലാക്രമണത്തിന് ശേഷം പോലീസ് വന്ന വഴിക്ക് പോയി. പരുക്കേറ്റവരെ അവര്‍ വന്ന വാഹനത്തില്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സിതാരയുടെ തോളെല്ലിന് പൊട്ടലേറ്റു. ശ്രീജിത്തിന്റെ തലയ്ക്കാണ് പൊട്ടല്‍. ഷിജിന് മേലാസകലം അടിയേറ്റു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വരുന്നതു വരെ ലാത്തിച്ചാര്‍ജിനെ പോലീസ് നിസാരവല്‍ക്കരിക്കുകയാണ് ഉണ്ടായത്. എന്നാല്‍, ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പോലീസ് ബാക്ഫുട്ടിലായി.

സമീപത്തെ ബാറില്‍ നിന്ന് കിട്ടിയ പരാതി അനുസരിച്ചാണ് പോലീസ് എത്തിയതെന്ന് പറയുന്നു. ബാര്‍ സമയം കഴിഞ്ഞും ചിലര്‍ വന്ന മദ്യം ആവശ്യപ്പെട്ട് കണ്ണാടി വാതിലില്‍ ഇടിച്ചപ്പോള്‍ സഹായത്തിനെ പോലീസിനെ വിളിച്ചുവെന്ന് ബാര്‍ ജീവനക്കാര്‍ പറയുന്നുണ്ട്. ഇത് പ്രകാരമെത്തിയ പോലീസ് റോഡില്‍ നിന്ന യുവതിയെ അടക്കം ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നു. ആളു മാറിയാണ് മര്‍ദനം നടന്നതെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പരുക്കേറ്റ സിതാരയുടെ മൊഴി രേഖപ്പെടുത്തിയാണ് എസ്.ഐ അടക്കമുള്ളവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന് പിന്നാലെ എസ്.ഐ ജിനുവിന് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. വൈകിട്ടോടെ മൂന്നു ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവും വന്നു. അതേ സമയം, പോലീസുകാരെ സഹായിക്കുന്ന തരത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരുക്കേറ്റവര്‍ ആരോപിച്ചു. മാരകമായ പരുക്കുണ്ടായിട്ടും വധശ്രമം ചുമത്തിയിട്ടില്ല. പോലീസുകാര്‍ക്കെതിരേ പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും സിതാര ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പത്തനംതിട്ട സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…