
റാന്നി: പെരുനാട്ടില്‍ തുടരെയുള്ള കടുവ ആക്രമണത്തില്‍ ഒരു പശു കൂടി ചത്തു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഉറക്കം നഷ്ടപ്പെട്ടു പ്രദേശവാസികളായ നാട്ടുകാര്‍. പെരുനാട് ബഥനി പുതുവല്‍ മാപ്രേത്ത് വീട്ടില്‍ ക്ഷീര കര്‍ഷകനായ എബ്രാഹാമിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. രണ്ടു ദിവസം മുന്‍പ് ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്ത് വളവനാല്‍ റെജി തോമസിന്റെ നാലുമാസം ഗര്‍ഭിണിയായ പശുവിനെ കടുവ ആക്രമിച്ചതിന് പിന്നലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
വൈകിട്ട് അഞ്ചു മണിയോടെ വീട്ടുമുറ്റത്തു നിന്ന പശു കിടാവിനെ വീണ്ടും ആക്രമിക്കുന്നത് റെജി നേരിട്ട് കണ്ടതോടെയാണ് കടുവയാണ് കടിച്ചു കൊന്നതെന്ന് സ്ഥിരീകരിച്ചത്. പകല്‍ സമയത്തും കടുവ എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഒരുപോലെ വന്യമൃഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.
സി.സി.എഫിന്റെ അനുമതി കിട്ടിയാല്‍ മാത്രമെ കൂടു സ്ഥാപിക്കാന്‍ കഴിയു എന്ന നിലപാടിലാണ് വനം വകുപ്പുദ്യോഗസ്ഥര്‍. ഇന്നലെ വീണ്ടും ആക്രമണം ഉണ്ടായതോടെ റാന്നി ഡി എഫ് ഒ സ്ഥലം സന്ദര്‍ശിച്ചു. കൂടുവാക്കാനായുള്ള നടപടികള്‍ സ്വീകരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പശുവിന്റെ നഷ്ടത്തിനൊപ്പം മറവു ചെയ്യുന്നതുള്‍പ്പെടെയുള്ള ചെലവുകളും കര്‍ഷകര്‍ സ്വയം വഹിക്കേണ്ടി വന്നതല്ലാതെ ബന്ധപ്പട്ട വകുപ്പില്‍ നിന്നും ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് നാട്ടുകാര്‍. മേഖലയില്‍ കാട്ടുപന്നി ഉള്‍പ്പടെ മറ്റു കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ ശല്യത്തിനു പിന്നാലെ കടുവയുടെ സാന്നിധ്യം കൂടെ എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് ജനങ്ങള്‍.
വടശേരിക്കര മേഖലയിലും സമാനമായി കഴിഞ്ഞ ദിവസം വളര്‍ത്തു നായയെ വന്യമൃഗം കടിച്ചു കൊന്നിരുന്നു. ഇതോടെ സ്ത്രീകക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പകല്‍ സമയത്തുപോലും പുറത്തിറങ്ങാന്‍ പറ്റാതെയായി. ഈ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ അറുപത്തഞ്ചിലധികം തോട്ടങ്ങളും എസ്റേറ്റുകളും ഉണ്ട്. എന്നാല്‍ ഇവിടെയെല്ലാം വന്യജീവികള്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന തരത്തില്‍ കാടുകള്‍ വളന്നു നില്‍ക്കുകയാണ്.
തുടരെയുള്ള വന്യജീവി ആക്രമണങ്ങള്‍ക്ക് പ്രധാന കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതാണ് ആയതിനാല്‍ പഞ്ചായത്തുകള്‍ ഇടപെട്ടു കാടുകള്‍ വെട്ടിത്തെളിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം പുലിയും കടുവയും ആനയും കാടുവിട്ടു നാട്ടിലേക്ക് ഇരച്ചെത്തുന്നത് തടയാന്‍ വനംവകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമര പരുപാടികളിലേക്ക് കടക്കുമെന്ന് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു .