
പത്തനംതിട്ട: വാടകക്കാര്‍ ഒഴിഞ്ഞില്ലെങ്കില്‍ അവരെ തുരത്താന്‍ പല മാര്‍ഗങ്ങളും കെട്ടിടം ഉടമകള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇലന്തൂരിന് സമീപം വാര്യാപുരത്ത് ഒരു കെട്ടിടം ഉടമയുടെ കെയര്‍ടേക്കര്‍ നടത്തിയത് അറ്റകൈ പ്രയോഗമാണ്. തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ തിണ്ണയില്‍ കക്കൂസ് മാലിന്യം തളിച്ചു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമയ്ക്കും കെയര്‍ടേക്കര്‍ക്കുമെതിരേ പൊലീസില്‍ നല്‍കിയ പരാതിയില്‍ രൂക്ഷമായ ആരോപണമാണ് വ്യാപാരി ഉന്നയിച്ചിരിക്കുന്നത്.
വാര്യാപുരത്തിന് സമീപം തൂക്കുപാലത്ത് പ്രവര്‍ത്തിക്കുന്ന തോളുപ്പറമ്പില്‍ സ്‌റ്റോഴ്‌സിലാണ് കെട്ടിടം ഉടമയുടെ നോട്ടക്കാരന്‍ കക്കൂസ് മാലിന്യം ഒഴിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് തൂക്കുപാലത്ത് പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനറി കടയില്‍ കക്കൂസ് മാലിന്യം ഒഴിച്ചത്. ജോലി സംബന്ധമായി വിദേശത്ത് കഴിയുന്ന കെട്ടിടം ഉടമയുടെ സഹായി കടക്കുള്ളിലേക്ക് മാലിന്യം ഒഴിക്കുന്നത് ശ്രദ്ധയില്‍ പെട്ട സമീപത്തെ സ്ഥാപനത്തിന്റെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയതോടെ ഇയാള്‍ സ്ഥലം വിട്ടു.
മുന്‍പും കെട്ടിടം ഉടമയുടെ സഹായിയുടെ ഭാഗത്തു നിന്ന് ഇത്തരം ഉപദ്രവങ്ങള്‍ ഉണ്ടയിട്ടുണ്ടെന്ന് സ്ഥാപനം ഉടമ ടി.വി തോമസ് പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയതായും ടി.വി തോമസ് പറഞ്ഞു. അസഹ്യമായ ദുര്‍ഗന്ധം നിമിത്തം വലഞ്ഞ സമീപവാസികള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
തനിക്ക് അപകടം പറ്റി കാല്‍ ഒടിഞ്ഞത് കാരണം ആറു മാസത്തോളം കട തുറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തോമസ് പറയുന്നു. ഈ കാലയളവിലെ വാടക കുടിശിക ഒന്നിച്ചു കൊടുക്കാമെന്ന് പൊലീസ് സ്‌റ്റേഷനില്‍ വച്ച് തീര്‍പ്പുണ്ടാക്കിയിരുന്നു. പണവുമായി ചെന്നിട്ടും അത് കൈപ്പറ്റാന്‍ ആരും വന്നില്ല. തുടര്‍ന്നാണ് ഉപദ്രവം തുടങ്ങിയത്. താഴിനകത്ത് സിമെന്റ് കുഴച്ചു നിറച്ചു. മറ്റൊരിക്കലും ഇതേ പോലെ കക്കൂസ് മാലിന്യം വിതറി. അത് വൃത്തിയാക്കിയ ശേഷം രണ്ട് ദിവസം മുന്‍പാണ് കട തുറന്നത്. വ്യാഴം രാവിലെയാണ് വീണ്ടും ഒഴിച്ചത്. ഇതിന് അടുത്ത ലൈലാന്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാക്ഷിയാണെന്നും തോമസ് പറഞ്ഞു. ഇതിനിടെ തന്നെ കടയില്‍ കയറി മര്‍ദിക്കുകയും റോഡലിട്ട് വലിക്കുകയും ചെയ്തുവെന്ന് തോമസ് പറഞ്ഞു.