പത്തനംതിട്ട: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ 2022-23 സാമ്പത്തിക വര്‍ഷം 75.52 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരാവകാശ രേഖ. ആകെ വിറ്റുവരവ് 90.83 കോടി രൂപയും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി ശമ്പള ഇനത്തില്‍ ചെലവിട്ടത് 45.78 കോടി രൂപയുമാണെന്ന് നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ അരുണിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
സംസ്ഥാനത്ത് 30 കശുവണ്ടി ഫാക്ടറികളാണ് കോര്‍പ്പറേഷനുള്ളത്. ആകെ 11, 865 തൊഴിലാളികളാണും ജീവനക്കാരുമുണ്ട്. ഇതില്‍ 10,648 പേര്‍ സ്ത്രികളാണ്. 2022-23 സാമ്പത്തിക വര്‍ഷം 76 തൊഴില്‍ ദിനങ്ങളാണ് ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്.
ഫാക്ടറികളുടെ പ്രവര്‍ത്തിന് ആവശ്യമായ തോട്ടണ്ടി പ്രധാനമായും കേരള കാഷ്യൂ ബോര്‍ഡ് മുഖേനെ ഇറക്കുമതി ചെയ്യുകയാണ്. ഘാന, ഐവറി കോസ്റ്റ്, ഗിനിബിസാവോ, മൊസാംബിക് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി. മെട്രിക് ടണ്ണിന് 1614 മുതല്‍ 1361 യു.എസ് ഡോളറാണ് കൊടുക്കുന്നത്. ഇതിന് പുറമേ കര്‍ഷകര്‍, മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ വില നിര്‍ണയ സമിതി നിശ്ചയിച്ച വിലയില്‍ നാടന്‍ തോട്ടണ്ടി നേരിട്ട് സംഭരിക്കുന്നുണ്ട്.
സംസ്‌കരിച്ചെടുക്കുന്ന കശുവണ്ടിപ്പരിപ്പ് ഇ ടെന്‍ഡര്‍ വഴി മൊത്തമായിട്ടാണ് വിറ്റഴിക്കുന്നത്. ഇതിന് പുറമേ വിതരണക്കാര്‍/ഫ്രാഞ്ചൈസി/അസോസിയേറ്റ്‌സ്, വാന്‍ വിതരണക്കാര്‍, ഓ.എന്‍.ഡി.സി, ആമസോണ്‍, സി.ഡി.സി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം, ട്രേഡ് ഫെയര്‍ എന്നിവ മുഖാന്തിരം ചില്ലറ വില്‍പ്പനയുമുണ്ട്. ഇതിന് പുറമേ കോര്‍പ്പറേഷന്‍ നേരിട്ട് കയറ്റുമതി നടത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കോര്‍പ്പറേഷന് സര്‍ക്കാരില്‍ നിന്ന് മെയിന്റനന്‍സ് ഫണ്ട് ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. തോട്ടണ്ടി വാങ്ങുവാന്‍ കോര്‍പ്പറേഷന് സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഫണ്ട് നല്‍കുന്നില്ല. കശുവണ്ടി വികസന കോര്‍പ്പറേഷന് കീഴില്‍ കൊല്ലം ജില്ലയില്‍ 24 ഫാക്ടറികള്‍ ഉണ്ട്. കാപ്പെക്‌സിന് കീഴില്‍ ഏഴു ഫാക്ടറികളും പ്രവര്‍ത്തിക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.