റാന്നി: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ വിഴുപ്പലക്കല്‍ രൂക്ഷമായതോടെ അച്ചടക്കത്തിന്റെ വാളെടുത്തു സഭാ നേതൃത്വം.
നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വമാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയ്‌ക്കെതിരായി സമൂഹ മാധ്യമം വഴി ഫാ. മാത്യൂസ് വാഴക്കുന്നം നടത്തിയ മോശമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിശദീകരണം തേടി . ഫാ. മാത്യുസ് വാഴക്കുന്നം പ്രസ്തുത പ്രതികരണത്തില്‍ പരിശുദ്ധ ബാവായോടു നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ട് എത്തി വിശദീകരണം നല്‍കാന്‍ അച്ചനോട് പരിശുദ്ധ ബാവ നിര്‍ദേശിച്ചു.
ഒരാഴ്ച മുമ്പ് നിലക്കല്‍ ഭദ്രാസന സെക്രട്ടറിയായിരുന്ന ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം എടുത്തിരുന്നു .ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം . അദ്ദേഹത്തിന് എതിരെ സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ വൈദികരും പരസ്യമായി രംഗത്ത് വന്നിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്ന ഫാ. ഷൈജുവിനെതിരെ സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തനിക്കെതിരെ ഫാ.മാത്യൂസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ വാദം.
മാധ്യമ ചര്‍ച്ചകളില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് പോര്‍വിളിച്ച് നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനും ഫാ. മാത്യൂസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മാധ്യമ ചര്‍ച്ച സഭയുടെ അഭിമാനത്തിന് കളങ്കം ഉണ്ടാക്കിയതായി ബോധ്യപ്പെട്ട കൗണ്‍സില്‍ ഫാ. ഷൈജു കുര്യനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ഫാ. മാത്യൂസിനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന്റെ പ്രതികരണമായാണ് ഫാ. മാത്യൂസ് വൈദികര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രതികരിച്ചത്. അറിയപ്പെടുന്ന ഇടതുപക്ഷ അനുഭാവിയാണ് ഫാ. മാത്യൂസ്. സംസ്ഥാനത്താകമാനം ഇടതുപക്ഷത്തിന്റെ പരിപാടികളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം സജീവമാണ്. മുന്‍പും പലതവണ ഇദ്ദേഹത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും സഭാ നേതൃത്വം കണ്ണടയ്ക്കുകയായിരുന്നു.
ഇതിനിടെ കടുത്ത നടപടിയില്‍ നിന്ന് ഒഴിവാകാന്‍ ചില സിപിഎം നേതാക്കളെ കൊണ്ട് സഭാ നേതൃത്വത്തെ സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമവും ആരംഭിച്ചു.
നിലക്കല്‍ ഭദ്രാസനത്തിലെ നിരവധി ദേവാലയങ്ങളില്‍ വൈദികര്‍ക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമാണ്. സാമ്പത്തിക തട്ടിപ്പും മറ്റ് അപവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ ചില വൈദികരെയും ദേവാലയങ്ങളില്‍ നിന്ന് അടുത്തിടെ മാറ്റി. മറ്റു ചിലര്‍ക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റക്കാരായ വൈദികര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് സഭാവിശ്വാസികളുടെ പക്ഷം.