അടൂര്‍: ശിവഗിരി തീര്‍ത്ഥാടനത്തിന് ടൂറിസ്റ്റ് ബസ് ലഭിക്കാതെ വന്നപ്പോള്‍ രക്ഷയ്ക്ക് വന്നത് ആനവണ്ടി. കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ ശ്രീനാരായണിയര്‍ ശിവഗിരി സന്ദര്‍ശനം നടത്തി. നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ പരിധിയിലെ തീര്‍ഥാടകരെ കൊണ്ട് ശിവഗിരിക്ക് പോകാന്‍ നിരവധി ടൂറിസ്റ്റ് ബസ് ഉടമകളെ സമീപിച്ചു.എന്നാല്‍ ഞായറാഴ്ച നിരവധി കല്യാണങ്ങളും മറ്റും ഉള്ളതിനാല്‍ ബസ് ആരും വിട്ടുനല്‍കിയില്ല. ചിലര്‍ ഇരട്ടി തുക ആവശ്യപ്പെട്ടു.
തുടര്‍ന്ന് ശാഖാ സെക്രട്ടറി അരുണ്‍ നെല്ലിമുകള്‍, പ്രസിഡന്റ് ബ്രഹ്മദാസ് എന്നിവര്‍ കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെട്ടു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന് നല്‍കുന്ന സൂപ്പര്‍ ഡീലക്‌സ് എയര്‍ബസ് 23800 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത് ശിവഗിരി തീര്‍ത്ഥാടനത്തിന് പോകുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഗുരു മന്ദിരത്തില്‍ നിന്ന് പുറപ്പെട്ട തീര്‍ത്ഥാടന സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം,ശിവഗിരി, വര്‍ക്കല, അരുവിപ്പുറം, ആറ്റുകാല്‍, ചെമ്പഴന്തി വഴി രാത്രി 10 മണിയോടെ തിരികെ എത്തി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സമുദായത്തിന്റെ തീര്‍ത്ഥാടന യാത്രയ്ക്ക് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ബസ് വിട്ടു നല്‍കുന്നതെന്ന് ബസ് ഡ്രൈവര്‍ എം പി ബിജു പറഞ്ഞു.