വണ്ടന്മേട് (ഇടുക്കി): യൂണിയന്‍ പിരിവിന്റെ പേരില്‍ ഇറച്ചി കടയിലെത്തി മാംസവും എല്ലും വാങ്ങി പണം നല്‍കാതെ പോയെന്ന ആരോപണത്തില്‍ പരസ്പരം വിഴുപ്പലക്കി ട്രേഡ് യൂണിയന്‍ നേതാക്കള്‍. സംഭവം വിവാദമായതോടെ മാംസത്തിന്റെ വില നല്‍കി നേതാവ് തലയൂരിയെങ്കിലും വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളാണ് ആരോപണവും പ്രത്യാരോപണങ്ങളുമായി അരയും തലയും മുറുക്കി രംഗത്തുള്ളത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടന്ന സംഭവം സമീപ ദിവസമാണ് നാട്ടില്‍ പാട്ടായത്. യൂണിയന്റെ ഫണ്ട് ശേഖരണത്തിന് എത്തിയ നേതാവ് ഇറച്ചി കടയിലെത്തി പിരിവ് ആവശ്യപ്പെട്ടു. ഈ സമയം ജീവനക്കാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. തങ്ങള്‍ക്ക് പിരിവ് നല്‍കാന്‍ അനുവാദമില്ലെന്നും ഉടമയെ സമീപിച്ച് പണം വാങ്ങാനും തൊഴിലാളികള്‍ പറഞ്ഞുവെങ്കിലും നേതാവ് വഴങ്ങിയില്ല. കടയുടമയെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നെറ്റ്‌വര്‍ക്ക് കവറേജിന് പുറത്തായതിനാല്‍ ലൈനില്‍ കിട്ടിയില്ല. തുടര്‍ന്ന് രണ്ടു കിലോ ഇറച്ചിയും നാലു കിലോ എല്ലും വാങ്ങി പണം നല്കാതെ വാഹനത്തില്‍ കയറി കടന്നു കളഞ്ഞത്.
സംഭവം കാട്ടുതീ പോലെ നാട്ടില്‍ പ്രചരിച്ചതിന് പിന്നാലെ ട്രേഡ് യൂണിയന്‍ നേതാക്കളും അണികളും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് വന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ നേതാവ് ഇടനിലക്കാരന്‍ മുഖേന മാംസത്തിന്റെ വില എത്തിച്ച് നല്‍കുകയായിരുന്നുവെന്നാണ് അറിയുന്നത്. തോട്ടം മേഖലയിലെ ഒരു പ്രമുഖ നേതാവിനെതിരെയാണ് പിരിവിന് പകരം എല്ലും ഇറച്ചിയും വാങ്ങിയതായി ആരോപണം ഉയര്‍ന്നത്. ഇറച്ചി കടയില്‍ ഒറ്റയ്ക്കാണ് നേതാവ് എത്തിയത്.
യൂണിയന്‍ സമ്മേളനത്തിന് ഒരു ലക്ഷം രൂപ പിരിവ് നല്കണമെന്നായിരുന്നു ആവശ്യമെന്നും ആക്ഷേപമുണ്ട്. തോട്ടം തൊഴിലാളിയായിരുന്ന ഇയാള്‍ ഒരു സുപ്രഭാതത്തിലാണ് ട്രേഡ് യൂണിയന്റെ അമരത്ത് എത്തിയതെന്നും ഇതോടെ ഇയാളുടെ ശുക്രദശ തെളിയുകയായിരുന്നുവെന്നും തോട്ടം ഉടമകളെ ഭീഷണിപ്പെടുത്തിയും തൊഴിലാളി സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കിയും ലക്ഷങ്ങളാണ് സമ്പാദിച്ചത്. നിരവധി സ്ഥലങ്ങളില്‍ സ്വന്തമായി ഭൂമിയും വീടുകളുമുണ്ടെന്നും തമിഴ്‌നാട്ടിലും ഇയാള്‍ക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നും ആരോപണമുണ്ട്.