
വണ്ടന്മേട് (ഇടുക്കി): പാര്‍ട്ടി പരിപാടിക്ക് പിരിവിന് എത്തി ഇറച്ചിയും എല്ലും വാങ്ങി പാര്‍ട്ടി ഫണ്ടിലേക്ക് മുതല്‍ വെക്കാന്‍ പറഞ്ഞു സ്ഥലം വിട്ട നേതാവ് മത്സ്യ വ്യാപാരിയെ ഭീഷണിപ്പെടുത്തി മത്സ്യവും വാങ്ങി. കഴിഞ്ഞ ദിവസം ഹൈറേഞ്ചിലെ പ്രധാന ഏലത്തോട്ടം മേഖലയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. മറ്റിടങ്ങളിലെ വില്പനയ്ക്ക് ശേഷം തൊഴിലാളികള്‍ ജോലി കയറുന്നതിനു പിന്നാലെയാണ് പിക് അപ് വാനില്‍ തോട്ടം മേഖലയില്‍ മത്സ്യം വില്പനയ്ക്ക് എത്തിക്കുന്നത്.
വിറ്റ് തീരാത്ത മത്സ്യം വില കുറച്ച് ലഭിക്കുന്നതിനാല്‍ തൊഴിലാളികള്‍ ഏറിയ പങ്കും ഈ വ്യാപാരിയില്‍ നിന്നാണ് വാങ്ങുന്നതും. ഇത് ശ്രദ്ധയില്‍പ്പെട്ട നേതാവ് മത്സ്യ വ്യാപാരിയെ സമീപിക്കുകയും തോട്ടം മേഖലയില്‍ വിറ്റഴിക്കുന്നത് പഴകിയ മത്സ്യമാണെന്നും വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു. നേതാവിനൊപ്പം ശിങ്കിടികളും രംഗത്ത് വന്നതോടെ ഭയപ്പെട്ട് വ്യാപാരി ഒത്തുതീര്‍പ്പിന് ശ്രമിച്ചു. തങ്ങള്‍ക്ക് മൂന്ന് പെട്ടി മത്സ്യം നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നായി.
തനിക്ക് ഭീമമായ നഷ്ടം ഉണ്ടാകുമെന്ന് വ്യാപാരി കാലു പിടിച്ചു പറഞ്ഞെങ്കിലും നേതാവും കൂട്ടരും വിടാന്‍ തയ്യാറായില്ല. ഒടുവില്‍ ഒന്നരപ്പെട്ടി മത്സ്യം നല്‍കി വ്യാപാരി തലയൂരുകയായിരുന്നു. ഏതാനും മാസം മുമ്പ് ഇതേ നേതാവ് പ്രദേശത്തെ ഒരു മാംസ വ്യാപാര കേന്ദ്രത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന് പണപ്പിരിവിന് എത്തിയിരുന്നു. ഈ സമയം തൊഴിലാളികള്‍ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്.കടയില്‍ എത്തിയ ഇയാള്‍ ഇരുപതിനായിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. മുതലാളി സ്ഥലത്തില്ലെന്നും മുതലാളിയുമായി സംസാരിക്കാനും ജീവനക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും നേതാവ് വഴങ്ങിയില്ല.
തുടര്‍ന്ന് രണ്ട് കിലോ ഇറച്ചിയും നാല് കില്ലോ എല്ലും വാങ്ങി. മാംസത്തിന്റെ തുക പാര്‍ട്ടി ഫണ്ടിലേക്ക് വരവ് വച്ചേക്കു എന്നു പറഞ്ഞു സ്ഥലം വിട്ടു.തമിഴ് വംശജനായ ഇയാള്‍ക്ക് കേരളത്തില്‍ അകത്തും പുറത്തുമായി ഏക്കര്‍ കണക്കിന് ഭൂമിയും വീടുമുള്ളതായും പറയപ്പെടുന്നു.