
കോഴഞ്ചേരി: ചെറുകോല്‍ കരക്കാര്‍ വീണ്ടും ചുറ്റുന്നു. പുതമണ്‍ താത്ക്കാലിക പാലംവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ ഇനി റാന്നിക്ക് പോകാനും കോഴഞ്ചേരിക്ക് പോകാനും ഒന്ന് ചുറ്റി കറങ്ങേണ്ടി വരും. പഴയ പാലം വഴി ചെറിയ വാഹനങ്ങള്‍ കടത്തി വിടുമ്പോള്‍ റാന്നിക്കുള്ള ബസുകളെല്ലാം കോഴഞ്ചേരി പഴയ സി.ഐ ഓഫീസ് വഴി തിരിഞ്ഞ് ചെറുകോല്‍പ്പുഴ, അയിരൂര്‍, പേരൂച്ചാല്‍ വഴി കീക്കോഴുരില്‍ എത്തി യാത്ര തുടരണം.
റാന്നിയില്‍ നിന്നുള്ളവ കീക്കോഴുരില്‍ തിരിഞ്ഞ് ഇതേ പാത വഴി കോഴഞ്ചേരിയിലും എത്തണം. ഇതോടെയാണ് യാത്രക്കാര്‍ ചുറ്റുന്നത്. 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം പ്രയോജനപ്പെടാതെ പോവുകയും ചെയ്തു.പുതമണ്‍ പാലം തകര്‍ന്നതോടെ ദുരിതത്തിലായ യാത്രക്ക് പരിഹാരമായിആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് താത്ക്കാലിക പാലം തുറന്നതോടെ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. റാന്നി- കോഴഞ്ചേരി റോഡില്‍ പുതമണ്‍ മുതല്‍ കോഴഞ്ചേരി വരെയുള്ള യാത്രക്കാര്‍ക്ക് ആശ്വാസം എന്ന പേരിലാണ് ഒരു മണിക്കൂര്‍ ഇടവേളയില്‍ ബസ് സര്‍വീസ് ആരംഭിച്ചത്.
കച്ചേരിപ്പടി, വാഴക്കുന്നം, ചെറുകോല്‍, കാട്ടൂര്‍ കുഴിമണ്ണില്‍ പടി വഴിയാണ് പുതമണ്ണിലേക്കും തിരിച്ചും ഒരു ബസ് സര്‍വീസ് നടത്തിയിരുന്നത്. പുതമണ്‍ പാലത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഇത് വഴി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്ലാം ചെറുകോല്‍പ്പുഴ പാലം കടന്ന് അയിരൂര്‍ വഴി പേരൂച്ചാലില്‍ എത്തിയ ശേഷം ഇവിടെ പാലത്തില്‍ കൂടി മറുകര എത്തി ബ്ലോക്ക് പടി വഴി യാത്ര തുടരുകയാണ്. തിരിച്ചും ഇതേ റോഡാണ് ഉപയോഗിക്കുന്നത്. കീക്കോഴുരില്‍ നിന്നും ചെറുകോല്‍ വഴി പോകാന്‍ മറ്റ് പല മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഇതോടെ കോഴഞ്ചേരി-ചെറുകോല്‍-റാന്നി റോഡില്‍ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് ബസ് സര്‍വീസ് പുതമണ്‍ കോഴഞ്ചേരി റൂട്ടില്‍ തുടങ്ങിയത്.
അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഈ റൂട്ടിലെ യാത്രക്ക് പകരം സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇനി മഴ നിന്ന ശേഷം പാലം പരിശോധന നടത്തിയ ശേഷമാകും വീണ്ടും തുറന്നു കൊടുക്കുകയുള്ളു എന്ന് പറയുന്നു. ഇതിന് ഇനി എത്ര കാലം വേണ്ടി വരും എന്നാണ് നാട്ടുകാരുടെ ചോദ്യം. പുതിയ പാലം എന്നൊക്കെ പറയുന്നതല്ലാതെ നിലവിലെ സാഹചര്യത്തില്‍ ഇതൊന്നും അത്ര എളുപ്പവുമല്ല. ഗതാഗതം നിരോധിച്ചതോടെ പുതമണ്‍ മുതല്‍ വാഴക്കുന്നം വരെയുള്ള യാത്രക്കാര്‍ക്ക് കാല്‍നട മാത്രമാണ് ആശ്രയം. ഇക്കാര്യത്തില്‍ അടിയന്തിര നടപടി വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.