കോഴഞ്ചേരി: ഗതാഗത സംവിധാനത്തില്‍ പണ്ടേ ദുര്‍ബല ആയ തെക്കേമലയില്‍ സിനിമ നടി കൂടി വന്നതോടെ ജനം വഴിയില്‍ കിടന്നത് മണിക്കൂറുകളോളം. ഏതാനും പോലീസുകാര്‍ അങ്ങിങ്ങു ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഒടുക്കം ഇവരും താരത്തിനൊപ്പം കൂടി. തെക്കേമലയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് സിനിമാ നടി എത്തിയത്. ഇവര്‍ എത്തുന്നതറിഞ്ഞ് ജനം തെക്കേമല-ആറന്മുള റോഡ് നേരത്തെ കൈയടക്കി. ഇതോടെ ആറന്മുളയിലേക്കുള്ള യാത്ര മുടങ്ങി.
ഈ സീസണിലെ ഏറ്റവും കൂടിയ വള്ളസദ്യ 13 എണ്ണമാണ് ഇന്നലെ ഉണ്ടായിരുന്നത്. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ഭക്തരും റോഡില്‍പ്പെട്ടു. ആറന്മുള റോഡിലേക്ക് വാഹനം പോകാന്‍ കഴിയാതെ വന്നതോടെ കോഴഞ്ചേരി-പത്തനംതിട്ട റോഡും കുരുക്കിലായി. ടൗണ്‍ മുതല്‍ കാരംവേലി വരെ നീണ്ടു ഇവിടുത്തെ കുരുക്ക്. ഇലവുംതിട്ട റോഡിലെ സ്ഥിതിയും വത്യസ്തമായിരുന്നില്ല. കുരുക്ക് നീണ്ടതോടെ പത്തനംതിട്ട നിന്നും വന്ന വാഹനങ്ങള്‍ ഒടുവില്‍ ഇലന്തൂരിലും നെല്ലിക്കാലയിലും തിരിഞ്ഞ് നാരങ്ങാനം വഴി ആറ് കിലോമീറ്ററോളം അധികം ഓടിയാണ് കോഴഞ്ചേരിയില്‍ എത്തിയത്. സ്‌കൂളുകളില്‍ പരീക്ഷക്ക് പോകാന്‍ ഇറങ്ങിയ വിദ്യാര്‍ഥികളും കുരുക്കില്‍ അകപ്പെട്ടു.
പലരും നടന്നാണ് പിന്നീട് സ്‌കൂളുകളിലേക്ക് പോയത്. സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തിയ തെക്കേമലയില്‍ ഇത് സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നില്ല. വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലെന്നതിന്റെ പേരില്‍ ഓഡിറ്റ് വിഭാഗം പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്ന കെട്ടിടത്തിലാണ് സിനിമാ നടി എത്തി ഉദ്ഘാടനം നടത്തിയത്. ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അവഗണിച്ചു് വീണ്ടും അനുമതി നല്‍കിയതിനെതിരെ പരാതിയും ഉയര്‍ന്നിട്ടുണ്ട്.