പുളിക്കീഴ്: 68 ഗ്രാം കഞ്ചാവും അനുബന്ധ ലഹരിസാധനങ്ങളുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നെടുമ്പ്രം അമിച്ചകരി മുപ്പത്തഞ്ചില്‍ വീട്ടില്‍ അശ്വിന്‍ (22), പെരിങ്ങര ചാത്തങ്കരി ജനസേവ റോഡില്‍ അമ്പൂരത്തില്‍ വീട്ടില്‍ ഷിബിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴരയോടെ പെരിങ്ങര ജനസേവ റോഡില്‍ വച്ചാണ് പ്രതികളെ കഞ്ചാവും മറ്റുമായി പോലീസ് പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ്.ഐ കെ.സുരേന്ദ്രന്‍, എസ്.സി.പി ഓ അനീഷ്, സി.പി.ഓമാരായ നവീന്‍,അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ബൈക്കില്‍ കഞ്ചാവ് വില്പനയ്ക്ക് എത്തിച്ചതായിരുന്നു യുവാക്കളെന്നു ചോദ്യം ചെയ്യലില്‍ മനസ്സിലായി. ഇവരുടെ കൈവശം ബൈക്കില്‍ വച്ചിരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് കഞ്ചാവും മറ്റും സൂക്ഷിച്ചിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. വില്‍പ്പനക്കായി എത്തിച്ച കഞ്ചാവിന്റെ ഉറവിടവും പ്രതികളുടെ ഫോണ്‍ വിളികളുടെ വിവരങ്ങളും കണ്ടെത്തേണ്ടതുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളും ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. രണ്ടാംപ്രതി ഷിബിന്‍ പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലെ രണ്ട് ദേഹോപദ്രവകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.