
ഇലവുംതിട്ട: കാലവര്‍ഷത്തില്‍ കട പുഴകിയ റബര്‍ മരം ലൈനിലേക്ക് വീണെങ്കിലും വൈദ്യുതി വിഛേദിക്കപ്പെട്ടില്ല. സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തിയില്ലെന്ന് പരാതി. മെഴുവേലി തെക്കേലയ്യത്ത് നിന്നും അരുവിനാടിയിലേക്ക് പോകുന്ന വഴിയിലുള്ള ലൈനിലേക്കാണ് ഇന്നലെ രാവിലെ മരം കട പുഴകിയത്. ലൈനില്‍ തങ്ങി നിന്നതിനാല്‍ മരം താഴേക്ക് വിണില്ല.
എന്നാല്‍, വൈദ്യുതി നിലച്ചില്ല. ഇത് അപകടം വരുത്തുമെന്ന് കണ്ട് പ്രദേശവാസികള്‍ രാവിലെ ഏഴരയോടെ ആറന്മുള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഉടനെ എത്താന്‍ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. പതിനൊന്നു മണിയോടെ ഈ വിവരം പ്രദേശവാസിയായ യുവാവ് പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനെ അറിയിച്ചു. അദ്ദേഹം കോഴഞ്ചേരി തഹസില്‍ദാരുമായി ബന്ധപ്പെട്ട് അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കി. പിന്നെ ശരവേഗത്തില്‍ കാര്യങ്ങള്‍ നീങ്ങി. ആറന്മുള സെക്ഷന്‍ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ എത്തി ലൈന്‍ ഓഫ് ചെയ്തു. തങ്ങള്‍ക്ക് ഇതു പോലെ നൂറു കണക്കിന് പരാതികള്‍ ഉണ്ടെന്നും അത് കാരണമാണ് കൃത്യസമയത്ത് എത്താന്‍ കഴിയാത്തത് എന്നുമാണ് ഇവരുടെ വിശദീകരണം. വീണു കിടക്കുന്ന മരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നുവെന്ന വിവരം അറിഞ്ഞിട്ടും ജീവനക്കാരുടെ ഭാഗത്ത് നിന്ന് അവഗണന ഉണ്ടായി എന്നാണ് നാട്ടുകാരുടെ പരാതി.
മെഴുവേലിയില്‍ സെക്ഷന്‍ ഓഫീസ് നിര്‍ണയിച്ചിരിക്കുന്നത് അശാസ്ത്രീയമാണ്. 10 കിലോമീറ്ററോളം അകലെയുള്ള ആറന്മുള സെക്ഷന്‍ ഓഫീസിന് കീഴിലാണ് ഇപ്പോഴും മെഴുവേലി പ്രദേശം ഉള്ളത്. എന്നാല്‍, ഇവിടെ നിന്ന് വെറും രണ്ടു കിലോമീറ്റര്‍ അകലെ മാത്രമാണ് ഇലവുംതിട്ട സെക്ഷന്‍ ഓഫീസ്. മെഴുവേലി പ്രദേശത്തുള്ള കണക്ഷന്‍ ആറന്മുളയില്‍ നിന്ന് ഇലവുംതിട്ട സെക്ഷന്‍ ഓഫീസിന്റെ പരിധിയിലേക്ക് മാറ്റിയാല്‍ അത് നാട്ടുകാര്‍ക്ക് പ്രയോജനകരമാകും. ഇപ്പോള്‍ നിസാര ആവശ്യങ്ങള്‍ക്ക് പോലും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ആറന്മുളയില്‍ ചെല്ലേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. അതു പോലെ തന്നെ ആറന്മുള സെക്ഷനിലെ ജീവനക്കാര്‍ക്കും കൃത്യസമയത്ത് മെഴുവേലി ഭാഗത്ത് എത്തിച്ചേര്‍ന്ന് തകരാര്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.