പത്തനംതിട്ട: ജനറല്‍ ആശുപത്രിയുടെ പിന്നിലെ ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡില്‍ തേക്ക് മരം കടപുഴകി ഓട്ടോറിക്ഷയുടെയും കാറിന്റെയും മുകളില്‍ വീണു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്കാണ് മരം വീണത്. ഭാഗികമായ തകരാറുകള്‍ ഇവയ്ക്കുണ്ടായി.
മരം വീണു വൈദ്യുതലൈനുകളും പോസ്റ്റും തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അഗ്‌നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജനറല്‍ ആശുപത്രിയില്‍ കെട്ടിടം പണി നടക്കുന്നതിനാല്‍ ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡ് വഴിയാണ് പോകുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഒരു ഭാഗത്ത് നിരവധി മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.