പത്തനംതിട്ട: അതീവ സുരക്ഷാമേഖലയായ പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് പിന്നില്‍ ദുരൂഹതകള്‍ ഏറെ. വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് നാലംഗ സംഘം ഇവിടെ എത്തിയത് എന്നാണ് സൂചന. ഇതു കാരണം വീഡിയോ പുറത്തായിട്ടും ആ വിവരം മറച്ചു വയ്ക്കാനുള്ള ശ്രമമാണ് നടന്നത്.
ശബരിമലയിലെ കീഴ്ശാന്തിയെന്ന് അറിയപ്പെടുന്ന ചെന്നൈ സ്വദേശി നാരായണ സ്വാമിയും മറ്റ് നാലു പേരുമാണ് പൊന്നമ്പല മേട്ടില്‍ പൂജ നടത്തുന്ന ദൃശ്യങ്ങളിലുണ്ട്. വീഡിയോ ദേവസ്വം ബോര്‍ഡിന്റെ അടക്കം ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി. മൂഴിയാര്‍ പൊലീസ് അന്വേഷണം നടത്തി പ്രദേശം പൊന്നമ്പല മേട് തന്നെയാണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകിട്ട് പച്ചക്കാനം ഫോറസ്റ്റ്് അധികൃതര്‍ നിയന്ത്രിത മേഖലയില്‍ അതിക്രമിച്ചു കടന്നതിന് നാരായണ സ്വാമിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ ദൃശ്യങ്ങളിലുള്ള മറ്റ് മൂന്നു പേര്‍ക്കെതിരേ കൂടി കേസ് എടുത്തേക്കും.
മൂഴിയാര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. ഇങ്ങനെ ഒരു സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവര്‍ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.എന്നാല്‍, തങ്ങള്‍ക്ക് ഇതേപ്പറ്റി അറിവില്ലെന്ന എന്ന നിലപാടാണ് പച്ചക്കാനം ഫോറസ്റ്റ് അധികൃതര്‍ സ്വീകരിച്ചത്.
ശബരിമല കീഴ്ശാന്തിയുടെ സഹായിയായി അറിയപ്പെടുന്ന നാരായണ സ്വാമി അനധികൃതമായി വാഹനത്തില്‍ തന്ത്രിയുടെ ബോര്‍ഡ് സ്ഥാപിച്ച് വിവാദത്തില്‍പ്പെട്ടയാളാണ് ഇദ്ദേഹം. മകരവിളക്ക് ദിവസം ജ്യോതി തെളിക്കുന്ന സ്ഥലമാണ് പൊന്നമ്പല മേട്. ഇവിടെ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.