
പത്തനംതിട്ട: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് 1,58,76,192 രൂപ നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി ജി.പി. ജയകൃഷ്ണന് ഉത്തരവിട്ടു.
പ്രക്കാനം കുട്ടിപ്ലാക്കല്‍ വീട്ടില്‍ കെ. എം ബേബിയുടെ മകന് അഖില്‍ കെ. ബോബി (24)ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. 2017 ജൂലൈ 25 നാണ് അപകടമുണ്ടായത്. ഇലന്തൂര്‍ – ഓമല്ലൂര്‍ റോഡില്‍ ഗണപതി അമ്പലത്തിന് സമീപം വച്ച് എതിരേ വന്ന മറ്റൊരു മോട്ടോര്‍ സൈക്കിള്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
യു.എ.ഇയില്‍ ജോലിചെയ്തിരുന്ന അഖില്‍ നാട്ടില്‍ അവധിക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത്. നട്ടെല്ലിനും മറ്റും സംഭവിച്ച ഗുരുതരമായ പരുക്ക് കാരണം 90% സ്ഥിരവൈകല്യം ഉണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കി.
കോടതിയുടെ ഉത്തരവ് പ്രകാരം 1,02,49,444 രൂപ വിധിയും കേസ് ഫയല്‍ ചെയ്ത 14.03.218 മുതല്‍ നാളിതുവരെ 9% പലിശയും കോടതി ചെലവായ 6,17,333 രൂപ ഉള്‍പ്പടെ 1,58,76,192 രൂപ നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകന് എന്‍. ബാബു വര്‍ഗീസ് മുഖേനെ ഫയല്‍ ചെയ്ത കേസില്‍ രണ്ടാം എതിര്‍കക്ഷിയായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പത്തനംതിട്ട ബ്രാഞ്ചില്‍ നിന്നുംഒരു മാസത്തിനുള്ളില്‍ തുക നല്‍കാനും കോടതി ഉത്തരവിട്ടു.