തേനി: ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് അവകാശപ്പെട്ട് തേനി ജില്ലാ കലക്ടറെ സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. മധുര സമ്മട്ടിപുരം സ്വദേശി രാമകൃഷ്ണന്‍ (49) ആണ് അറസ്റ്റിലായത്.
ഉത്തംപാളയം നാരായണതേവന്‍പ്പെട്ടി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനായ ചന്ദ്രശേഖരന്‍ എന്നയാള്‍ക്കെതിരെ രണ്ടാഴ്ച മുമ്പ് കലക്ടറുടെ ഔദ്യോഗിക ഇമെയില്‍ മുഖാന്തിരം പരാതി നല്കിയിരുന്നു. തന്റെ ബന്ധുക്കള്‍ക്കെതിരെ ചന്ദ്രശേഖരന്‍ നിരന്തരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ പരാമങ്ങള്‍ നടത്തുകയാണെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെ തന്റെ പരാതിയില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറുടെ വാട്‌സ് ആപ്പിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചു.
താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്നും അധ്യാപകനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കലക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ഇതോടെ ജില്ലാ ഭരണകൂടം തേനി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജ അഭിഭാഷകനാണെന്ന് കണ്ടെത്തിയത്.
ഡൊമിനിക് ജോസഫ് എന്ന പേരില്‍ കേരളത്തില്‍ നിയമ പഠനം നടത്തിയിട്ടുണ്ടെന്നും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞുവെങ്കിലും ഇതും വ്യാജമാണെന്ന് തെളിഞ്ഞു. തിരുപ്പൂര്‍, തഞ്ചാവൂര്‍, രാമനാഥപുരം ജില്ലകളിലായി ഇരുപതിലധികം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.