
പത്തനംതിട്ട: ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍കെ. ആന്റണിയ്‌ക്കെതിരേ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തിന്റെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദല്ലാള്‍ നന്ദകുമാറിനെതിരേ (ടിജിഎന്‍ കുമാര്‍) തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. കോട്ടയം കങ്ങഴ സ്വദേശി സാദിഖ് ഇബ്രാഹിമാണ് പരാതിക്കാരന്‍.
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ അനില്‍ ആന്റണിക്ക് വിജയ സാധ്യത ഏറെയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്ക് എന്നിവരേക്കാള്‍ വിജയ സാധ്യത അനില്‍ കെ. ആന്റണിക്കുണ്ടെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിജയം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം അനില്‍ കെ. ആന്റണിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നന്ദകുമാര്‍ മാധ്യമങ്ങളിലൂടെ ഉന്നയിക്കുകയാണ്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇത് അനില്‍ ആന്റണി തോല്‍ക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്. നന്ദകുമാറിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഇതേ പോലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് എതിരേ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ട് കര്‍ശനമായ താക്കീത് നല്‍കിയിരുന്നു. ഇവിടെയും അത്തരം നടപടി ആവശ്യമാണെന്ന് സാദിഖ് ഇബ്രാഹിമിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം, അനില്‍ കെ. ആന്റണിയ്ക്ക് എതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളികളുടെ ഡീറ്റയ്ല്‍സും അടക്കമുളള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് നന്ദകുമാര്‍ പറഞ്ഞു.