
പത്തനംതിട്ട: റബര്‍ ചണ്ടി മോഷ്ടിച്ചു വിറ്റുവെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെട്ട് ടാപ്പിങ് തൊഴിലാളിയെ മര്‍ദിച്ച് ചണ്ടിയാക്കി വഴിയില്‍ ഉപേക്ഷിച്ചു. അവശനിലയില്‍ പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ യുവാവിന്റെ മൊഴി പ്രകാരമെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മൂന്നാമന് വേണ്ടി അന്വേഷണം. കലഞ്ഞൂര്‍ പാടം പാറയില്‍ രാധികാ ഭവനില്‍ രാഹുല്‍ വി നായര്‍ക്കാണ്(34) മര്‍ദനമേറ്റത്.
കൊടുമണ്‍ അനില്‍ ഭവനം ഡേവിഡ് (48), അങ്ങാടിക്കല്‍ തെക്ക് അനു ഭവനം അനു (44) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി ഷിനുവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച്ച രാത്രി 9.30 നാണ് സംഭവം. കൊടുമണ്‍ പോലീസ് സ്റ്റേഷന് മുന്‍വശം റോഡില്‍ നിന്നാണ് പ്രതികള്‍ ശ്രീരാജിനെ വലിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയത്. ഡേവിസ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ ടാപ്പിങ് തൊഴിലാളിയാണ് രാഹുല്‍. ഇയാള്‍ റബര്‍ ചണ്ടി മോഷ്ടിച്ചു വിറ്റുവെന്ന് ഡേവിഡിന് സംശയം ഉണ്ടായിരുന്നു. തുടര്‍ന്ന് മൂന്നാം പ്രതിയായ ഷിനുവിനെ കൊണ്ട് രാഹുലിനെ വിളിപ്പിച്ചു. റബര്‍ ചണ്ടി മോഷ്ടിച്ചുവെന്ന് കൊടുമണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എത്രയും വേഗം സ്‌റ്റേഷനില്‍ എത്തണമെന്നും പറഞ്ഞു.
ഇവര്‍ ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷന് മുന്നില്‍ റോഡിലെത്തിയ രാഹുലിനെ തടഞ്ഞു വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു. ഷിനു കാറിന്റെ പിന്‍സീറ്റില്‍ വലിച്ചു കയറ്റുകയും ചെയ്തു. ചണ്ടി വിറ്റുകിട്ടിയ പണം എവിടെ എന്ന് ചോദിച്ചു കൊണ്ട് മര്‍ദനം തുടങ്ങി. സീറ്റിന് അടിയില്‍ കിടത്തിയുംം ചവിട്ടിക്കൂട്ടി. രാത്രി 11.30 വരെ കൊടുംമര്‍ദനം അഴിച്ചു വിട്ടു. തുടര്‍ന്ന് കൊടുമണ്‍ കോടിയാട്ടുകാവ് ക്ഷേത്രത്തിനു സമീപം റോഡില്‍ ഇറക്കിവിട്ടു.
പിന്നീട് രാഹുല്‍ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. എവിടെയൊക്കെയോ സഞ്ചരിച്ച് ഉടനീളം മര്‍ദ്ദനം തുടര്‍ന്നതായി മൊഴിയില്‍ പറയുന്നു. സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോയി. ഇന്നലെ രാവിലെയാണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാം പ്രതിയുടെ ഫോണിന്റെ വിളികളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ്.ഐ. രതീഷ്‌കുമാര്‍, സിപിഓമാരായ കിച്ചു, അനൂപ്, ശരത്, ബിജു എന്നിവരാണുള്ളത്.