കോയിപ്രം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പേര് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാര്‍ മൈലക്കര പുലിക്കുഴി കിഴക്കന്‍കര പുത്തന്‍വീട്ടില്‍ നിന്നും തോട്ടപ്പുഴശ്ശേരി നെടുംപ്രയാര്‍ പ്രമാടത്തുപാറ താമസിക്കുന്ന ബി. ജയന്(45), സുഹൃത്ത് പന്തളം കുളനട മാന്തുക ആഞ്ഞിലി മൂട്ടില് വടക്കേതില്‍ പി.വി.സുരേഷ്(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ അഞ്ചിന് മീന്‍ വാങ്ങിക്കാന്‍ കൂട്ടിക്കൊണ്ടുപോയ ശേഷം ആറന്മുളയിലെ ഒരു പൊളിഞ്ഞ വീട്ടില്‍ വച്ച് ഇരുവരും ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തുകയും, അശ്ലീല
വീഡിയോകള്‍ കാണിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വരെയുള്ള കാലയളവില്‍ പലതവണ കുട്ടിയുടെ വീട്ടില്‍ വച്ചും പ്രതികള്‍ ബലാല്‍സംഗത്തിന് വിധേയയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം ഹെല്പ്ലൈന് മുഖേന അറിഞ്ഞ കോയിപ്രം പോലീസ്, വീട്ടിലെത്തി കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തെതുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ജയന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.