
പത്തനംതിട്ട: മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് വേട്ടയാടിയ കേസില്‍ രണ്ട് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഇറച്ചിയും പന്നിപ്പടക്കവും പിടിച്ചെടുത്തു. ഇറച്ചിയുമായി വന്ന വാഹനം കസ്റ്റഡിയില്‍ എടുത്തു. ചിറ്റാര്‍ നീലിപിലാവ് കോയിക്കലേത്ത് വീട്ടില്‍ കെ.കെ. അംബുജാക്ഷന്‍, ചിറ്റാര്‍ തെക്കേക്കര പുളിമൂട്ടില്‍ പി.പി. രാജന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തണ്ണിത്തോട് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഗോപകുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ഷിനോജ്, അമൃത ശിവരാമന്‍, ആദിത്യ, ബിജു, ചിറ്റാര്‍ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഷിജു എസ്.വി. നായര്‍, സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാജ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ആമിന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ ദിവസങ്ങളായി വടശേരിക്കര റേഞ്ചില്‍ ഉള്‍പ്പെടുന്ന വനപ്രദേശങ്ങളില്‍ വേട്ടക്കാരുടെ സാന്നിധ്യമുണ്ടാവുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫിസര്‍ വി.കെ രതീഷിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ വലയിലാവുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ആറുവരെ റിമാന്‍ഡ് ചെയ്തു.