കൊച്ചി: ‘ ഐസ് മെത്ത് ‘ എന്ന് വിളിപ്പേരുള്ള മാരക മയക്കുമരുന്നുമായി മര്‍ച്ചന്റ് നേവി വിദ്യാര്‍ത്ഥി അടക്കം രണ്ടു പേര്‍ എക്‌സൈസ് പിടിയില്‍. മയക്കുമരുന്ന് എത്തിച്ചിരുന്നത് പഞ്ചാബില്‍ നിന്ന്. പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന.
‘മഞ്ഞുമ്മല്‍ മച്ചാന്‍’ എന്ന ലഹരി സംഘത്തിലെ പ്രധാനിയായ ഏലൂര്‍ മഞ്ഞുമ്മല്‍ സ്വദേശി ഷബിന്‍ ഷാജി (26), ആലുവ ചൂര്‍ണ്ണിക്കര സ്വദേശി അക്ഷയ് വി എസ് (27) എന്നിവരാണ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിന്‍ കണ്ടെടുത്തു. രാജസ്ഥാനില്‍ മര്‍ച്ചന്റ് നേവി കോഴ്‌സ് ചെയ്യുന്ന ഷബിന്‍ അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി കളമശ്ശേരി, ഏലൂര്‍, മഞ്ഞുമ്മല്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് വൈറ്റില ചക്കരപ്പറമ്പില്‍ നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും, 3 കിലോ കഞ്ചാവും, 18 മയക്കുമരുന്നു ഗുളികകളുമായി രണ്ട് പേരെ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ‘മഞ്ഞുമ്മല്‍ മച്ചാന്‍’ എന്ന പേരില്‍ എറണാകുളം ടൗണ്‍ ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ ഫോണ്‍കോള്‍ വിവരങ്ങളും, സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.
ഇവരില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങുന്നവര്‍ക്ക് അര്‍ദ്ധരാത്രിയോട് കൂടി ഇവര്‍ക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മല്‍ കടവ് റോഡില്‍ വച്ചാണ് മയക്ക് മരുന്ന് കൈമാറിയിരുന്നത്. പതിവ് പോലെ പുലര്‍ച്ചെ ഒരു മണിയോട് കൂടി മഞ്ഞുമ്മല്‍ കടവ് ഭാഗത്ത് മയക്ക് മരുന്ന് കൈമാറുവാന്‍ എത്തിയ ഇരുവരും, എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഇരുവരേയും പിന്‍തുടര്‍ന്ന് പിടികൂടി.
പിടിയിലായ സമയം അക്രമാസക്തനായ ഷബിന്‍ ഷാജി കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വിഴുങ്ങാന്‍ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടല്‍ മൂലം വിജയിച്ചില്ല. ഷബിനും, അക്ഷയും വരാപ്പുഴ എക്‌സൈസ് റേഞ്ചിലെ മുന്‍ മയക്ക് മരുന്ന് കേസിലെ പ്രതികളാണ്. ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാര്‍ത്ഥമാണ് ഐസ് മെത്ത്. മറ്റ് ലഹരി വസ്തുക്കളേക്കാള്‍ പതിന്‍മടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്.
വരാപ്പുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.പി. പ്രമോദ്, സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി അജിത്ത്കുമാര്‍, വരാപ്പുഴ റേഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.യു ഋഷികേശന്‍, പ്രിവന്റീവ് ഓഫീസര്‍ അനീഷ് കെ ജോസഫ്, സി.ഇ.ഒ മാരായ അനൂപ് എസ്, സമല്‍ദേവ്, വനിതാ സി.ഇ.ഒ തസിയ കെ എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.