
പത്തനംതിട്ട: കോടതിയില്‍ എതിരായി സാക്ഷി പറഞ്ഞതിന്റെ വിരോധത്തില്‍ ക്രിമിനല്‍ കേസ് പ്രതിയും സംഘവും ചേര്‍ന്ന് സഹോദരങ്ങളെ വെട്ടി വീഴ്ത്തി. കൊടുമണ്‍ ചരുവിളയില്‍ ദീപക്, ശരത് എന്നിവരെയാണ് ഖുറേഷി എന്ന് വിളിക്കുന്ന ഇടത്തിട്ട സ്വദേശി വിഷ്ണുവും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. വാഴവിള പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി 9.30 നായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണു. അതില്‍ ഒരു കേസില്‍ സഹോദരങ്ങള്‍ കോടതിയില്‍ മൊഴി കൊടുത്തിരുന്നു. ഇതു കാരണം വിഷ്ണു ഭീഷണി മുഴക്കിയിരുന്നുവെന്നും പറയുന്നു. വിഷ്ണുവടക്കം 10 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ രണ്ടു പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. വിഷ്ണു ഒളിവിലാണ്. ശേഷിച്ച പ്രതികള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നു.