
തിരുവല്ല: പരുമല ഇല്ലിമലയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ രണ്ടുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പീടകയ്ക്കല്‍ കിഴക്കേതില്‍ മുഹമ്മദ് ഹുസൈന്‍ ( 38) നെയാണ് അറസ്റ്റ് ചെയ്തത്. മാന്നാര്‍ പാവുക്കര സ്വദേശികളായ നാദിര്‍ഷാ, രാഹുല്‍ എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇല്ലിമല പാലത്തിന് സമീപം അന്‍സാരി എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്ററിന് മുമ്പില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ചിക്കന്‍ സെന്ററിലെ മിനി ലോറിയുടെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഹുസൈന്‍. അക്രമണത്തില്‍ പരുക്കേറ്റ നാദിര്‍ഷ, രാഹുല്‍ എന്നിവര്‍ മുമ്പ് ചിക്കന്‍ സെന്ററില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നവരാണ്. ഇവരെ ഒഴിവാക്കി മുഹമ്മദ് ഹുസൈന്‍ ജോലിയില്‍ കയറിപ്പറ്റി എന്നതിനെ തുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. നാദിര്‍ഷയും, രാഹുലും സുഹൃത്ത് റിന്‍ഷാദും രാത്രി പത്തരയോടെ ചിക്കന്‍ കടയില്‍ എത്തി ഉടമയായ അന്‍സാറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ സ്ഥലത്തെത്തിയ മുഹമ്മദ് ഹുസൈന്‍ നാദിര്‍ഷയും രാഹുലിനെയും കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും അടക്കം കുത്തുകയായിരുന്നു.
സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ രാത്രി 11 മണിയോടെ പുളിക്കീഴ് പോലീസ് വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു ഗുരുതര പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദിര്‍ഷ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.