
പത്തനംതിട്ട: ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കുളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് ഓമല്ലൂര്‍ മുള്ളനിക്കാട് അച്ചന്‍കോവിലാറ്റില്‍ കോയിക്കല്‍ കടവില്‍ മുങ്ങി മരിച്ചത്.
വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ആറ്റില്‍ വലിയ കയമുള്ള ഭാഗമാണിത്. നാലു പേരാണ് ഒന്നിച്ച് ഇവിടെ വന്നത്. രണ്ടു പേര്‍ ആറ്റില്‍ ഇറങ്ങിയ ശേഷം കയറി. ശരണും ഏബലും വിലക്ക് വകവയ്ക്കാതെ ആറ്റില്‍ ഇറങ്ങുകയും കയത്തില്‍ അകപ്പെടുകയായുമായിരുന്നുവെന്ന് പറയുന്നു. കൂടെയുണ്ടായിരുന്നവരാണ് നാട്ടുകാരോട് രണ്ടു പേര്‍ കയത്തില്‍ അകപ്പെട്ട വിവരം പറഞ്ഞത്.
പത്തനംതിട്ട നിന്നും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എത്തി മൃതദേഹം കണ്ടെടുത്തു. കുട്ടികള്‍ മുങ്ങിയ സ്ഥലത്ത് നിന്ന് തന്നെ കയത്തില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.