കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം: രണ്ട് തമിഴ്‌നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

0 second read
Comments Off on കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം: രണ്ട് തമിഴ്‌നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
0

പന്തളം: കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കള്‍ വൈകിട്ട് അഞ്ചിന് കൊട്ടാരക്കര ഭാഗത്തുനിന്നും പന്തളത്തേക്കുവന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ സ്വദേശിനി അഞ്ജലി(20)യുടെ ബാഗ് അറുത്ത് മോഷണത്തിന് ശ്രമിക്കുകയായിരുന്നു.

കൊട്ടാരക്കരയില്‍ നിന്നും ബസില്‍ കയറി പടനിലത്തുള്ള ബന്ധുവീട്ടിലേക്ക് പോകാന്‍ പന്തളം മുനിസിപ്പാലിറ്റിക്ക് സമീപം ബസില്‍ നിന്നും ഇറങ്ങുവാന്‍ തുടങ്ങുമ്പോഴായിരുന്നു ബാഗില്‍ നിന്നും പണം മോഷ്ടിക്കാന്‍ യുവതികള്‍ ശ്രമിച്ചത്. അഞ്ജലി ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് മോഷണശ്രമം നടത്തിയ തമിഴ്‌നാട് മീനാക്ഷിപുരം തിരുപ്പൂര്‍ സെല്‍വരാജിന്റെ മകള്‍
പവി (36),തിരുപ്പൂര്‍ ഹൌസ് നമ്പര്‍ 360 ല്‍ കറുപ്പയ്യയുടെ മകള്‍
നന്ദിനി (24) എന്നിവരെ യാത്രക്കാരും മറ്റും ചേര്‍ന്ന് തടഞ്ഞുവച്ചു. തുടര്‍ന്ന് പന്തളം പോലീസില്‍ അറിയിക്കുകയും, സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയും, പിന്നീട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ മൊഴിപ്രകാരം ഇവര്‍ക്കെതിരെ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണം നടത്താന്‍ ശ്രമിച്ച ഇവരില്‍നിന്നും രണ്ട് ബാഗും 1000 രൂപയും പോലീസ് കണ്ടെടുത്തു.

പന്തളത്തിറങ്ങാന്‍ ബസ്സിന്റെ വാതിലിനരികിലെത്തിയപ്പോള്‍, യുവതികളില്‍ ഒരാള്‍ തോളിന് മുകളിലൂടെ കൈയിട്ട് കമ്പിയില്‍ പിടിക്കുന്നത് പോലെ ചേര്‍ന്നുനിന്നു. പെട്ടെന്ന് തിരക്കുണ്ടാക്കിയപ്പോള്‍ സംശയം തോന്നിയ യുവതി കൈകൊണ്ട് ബാഗില്‍ പരതി. ഈ സമയം മറ്റെ സ്ത്രീ ബാഗില്‍ നിന്നും കൈവലിക്കുന്നത് കണ്ടു. ഞൊടിയിടയില്‍ ബസ്സില്‍ നിന്നും വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, യുവതി ബഹളം വയ്ക്കുകയായിരുന്നു. യാത്രക്കാരും മറ്റും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുനിര്‍ത്തി പോലീസില്‍ അറിയിച്ചു . ബാഗ് പരിശോധിച്ചപ്പോള്‍ ഒന്നും നഷ്ടമായിട്ടില്ല എന്ന് ബോധ്യപ്പെട്ടു, സിബ്ബ് തുറന്നു കിടക്കുന്ന നിലയിലായിരുന്നു.

സ്റ്റേഷനിലെത്തിച്ച നാടോടി സ്ത്രീകളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തില്‍, ഇവര്‍ ആലുവ കല്ലമ്പലം ഏറ്റുമാനൂര്‍ പാമ്പാടി മാറാട് ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. കെഎസ്ആര്‍ടിസി ബസ്സുകളില്‍ സഞ്ചരിച്ച് യാത്രികരുടെ പണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി എന്ന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…