കോഴഞ്ചേരി പഞ്ചായത്തും യുഡിഎഫ് തിരിച്ചു പിടിച്ചു: ഞെട്ടിച്ചു കൊണ്ട് എന്‍സിപി അംഗത്തിന്റെ കൂറുമാറ്റം

0 second read
0
0

പത്തനംതിട്ട: ജില്ലയില്‍ നഷ്ടമായ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചു പിടിക്കുന്നത് യുഡിഎഫ് തുടരുന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണമാണ് ഏറ്റവും അവസാനമായി പിടിച്ചെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിയോടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാലിനെതിരെ ആറ് വോട്ടുകള്‍ നേടി യുഡിഎഫിലെ സാലി ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയില്‍ നിന്ന് എന്‍സിപി അംഗം യു ഡി എഫിനൊപ്പം ചേര്‍ന്നപ്പോള്‍, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായത് ഇടത് മുന്നണിക്ക് ഇരട്ട പ്രഹരമായി.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോഴഞ്ചേരി പഞ്ചായത്ത് ഭരണസമിതിയില്‍ തുടക്കം മുതലെ അസ്ഥിരതയാണ് നിലനിന്നിരുന്നത്. 13 അംഗ ഗ്രാമ പഞ്ചായത്തില്‍ സിപിഎമ്മിന് രണ്ടും ഘടകകക്ഷികളായ സിപിഐ, ജനതാദള്‍, എ സിപി എന്നിവര്‍ക്ക് ഓരോന്നും അടക്കം എല്‍ ഡി എഫിന് അഞ്ചും കോണ്‍ഗ്രസിന് മൂന്നും കേരളാ കോണ്‍ഗ്രസിന് രണ്ടും അടക്കം യുഡിഎഫിന് അഞ്ചും ബിജെപിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്വതന്ത്രനായ കെകെ വാസുവിന്റെ നിലപാട് നിര്‍ണായകമായി. ആദ്യം നറുക്കെടുപ്പിലൂടെ യു ഡിഎഫിന് ലഭിച്ച പഞ്ചായത്ത് പിന്നീട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗമായ റോയി ഫിലിപ്പ് വിമത സ്വരമുയര്‍ത്തുകയും ഇരു വിഭാഗങ്ങളുടെയും പിന്‍തുണയോടെ പ്രസിഡന്റാവുകയുമായിരുന്നു. അതിനിടെ കേരളാ കോണ്‍ഗ്രസിലെ മറ്റൊരു അംഗമായ സാലീഫിലിപ്പ് യുഡി എഫിനൊപ്പം ചേര്‍ന്നതോടെ റോയി ഫിലിപ്പ് രാജിവയ്ക്കുകയായിരുന്നു.

ഈ ഒഴിവിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോഴഞ്ചേരി തെക്കേമല ടൗണ്‍ 12-ാം വാര്‍ഡിലെ അംഗമായ സാലി ഫിലിപ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ബിജെപി അംഗങ്ങള്‍ വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ ആകെ 11 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് വിമതനായ കെ.കെ.വാസുവിനെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വിജയമുറപ്പിച്ചിരുന്ന എല്‍ഡിഎഫിനെ ഞെട്ടിച്ചു കൊണ്ട് എന്‍സിപി അംഗം മേരിക്കുട്ടി യുഡിഎഫിനൊപ്പം ചേര്‍ന്നു. ഇതിന് പുറമേ കൂനിന്‍മ്മേല്‍ കുരു എന്ന പോലെ ഇടതു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സോണി കൊച്ചുതുണ്ടിലിന്റെ വൊട്ട് അസാധു ആവുകയും ചെയ്തു. ബാലറ്റ് പേപ്പറിന്റെ മറുപുറത്ത് ഒപ്പിടാന്‍ മറന്ന് പോയതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. മേരിക്കുട്ടിയെ യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കും. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി സി സി വൈസ്പ്രസിഡന്റ് അഡ്വ. കെ സുരേഷ് കുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി സാം, മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുത്തന്‍ പറമ്പില്‍ ഡി സി സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. രാമചന്ദ്രന്‍നായര്‍ തുടങ്ങിയ നേതാക്കള്‍ സാലി ഫിലിപ്പിനെ അഭിനന്ദിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാട്ടര്‍ അതോറിട്ടി മെയിന്‍ പൈപ്പിന്റെ ഭാഗം ഇളകി മാറി: റോഡില്‍ ജലപ്രവാഹം: മെയിന്‍ വാല്‍വ് അടച്ച് നിയന്ത്രിച്ചു

പത്തനംതിട്ട: കല്ലറ കടവില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പിന്റെ ജോയിന്റ് ഭാഗം ഇളകി മാറ…