പ്ലാസ്റ്റിക് കൊടുത്തില്ലേലും ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ കൊടുക്കണം: കുടിശിക വരുത്തിയാല്‍ വസ്തു നികുതിക്കൊപ്പം ഈടാക്കും: ഉത്തരവ് നിലവില്‍ വന്നു

0 second read
Comments Off on പ്ലാസ്റ്റിക് കൊടുത്തില്ലേലും ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ കൊടുക്കണം: കുടിശിക വരുത്തിയാല്‍ വസ്തു നികുതിക്കൊപ്പം ഈടാക്കും: ഉത്തരവ് നിലവില്‍ വന്നു
0

പത്തനംതിട്ട: ഹരിത കര്‍മ സേനയ്ക്കുള്ള യൂസര്‍ ഫീ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇന്നലെയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് പ്ലാസ്റ്റിക് അടക്കമുളള മാലിന്യം കൈമാറിയാലും ഇല്ലെങ്കിലും പ്രതിമാസം 50 രൂപ വീതം ഹരിതകര്‍മ സേനയ്ക്ക് അടയ്‌ക്കേണ്ടി വരും. കുടിശിക വരുത്തിയാല്‍ അത് വസ്തു നികുതിക്കൊപ്പം ചേര്‍ത്ത് ഈടാക്കും. ഇതും അടയ്ക്കാന്‍ തയാറായില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. 10,000 രൂപ മുതല്‍ അരലക്ഷം രൂപ വരെ പിഴ ഇനത്തില്‍ ഈടാക്കും.

മാലിന്യ സംസ്‌കരണം കേന്ദ്രീകൃതവും ശാസ്ത്രീയവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത കര്‍മ സേനയെ നിയോഗിച്ചിരിക്കുന്നത്. ചില തദ്ദേശസ്ഥാപനങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം പരിതാപകരമാണ്. എന്നാല്‍, കോട്ടയം പോലെയുള്ള ജില്ലകളില്‍ കാര്യക്ഷമമായി മുന്നേറുന്നു. കോട്ടയത്ത് പ്രതിമാസം 5 ലക്ഷം രൂപ വരെയാണ് യൂസര്‍ ഫീ ഇനത്തില്‍ ലഭിക്കുന്നത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പാഴ്‌വസ്തുക്കളുടെ ശേഖരണത്തിനുള്ള സംവിധാനം ഹരിത കര്‍മ സേന വഴി തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കണമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത യൂസര്‍ ഫീ ഈടാക്കാം. ഇത് നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസാധുതയുമുണ്ടാകും. ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്നും കുടിശിക വരുത്തിയവരില്‍ നിന്നും ഇത് വസ്തു നികുതി കുടിശികയായി ഈടാക്കണം. ഈ ഉത്തരവ് ഇന്ന് പ്രാബല്യത്തില്‍ വന്നു.

ആരോഗ്യസ്ഥാപനങ്ങളില്‍ നിന്ന് ഇമേജ് മാലിന്യം സ്വീകരിക്കുന്ന തരത്തില്‍ ഹരിത കര്‍മ സേനയുടെ സേവനം ഡിജിറ്റല്‍ ആക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. 145 പഞ്ചായത്തുകളില്‍ പൈലറ്റ് പ്രൊജക്ട് നടപ്പാക്കി വരികയാണ്. ക്യൂ.ആര്‍ കോഡ് ഉപയോഗിച്ചാണ് ഇവിടെ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. സേന വന്ന് മാലിന്യം ശേഖരിക്കുന്ന വീട്ടില്‍ ക്യ.ആര്‍ കോഡ് പതിപ്പിച്ചിരിക്കും. അത് സ്‌കാന്‍ ചെയ്യുമ്പോള്‍ ശേഖരിച്ച വീടിന്റെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യപ്പെടും. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകും യൂസര്‍ഫീ നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് കണ്ടെത്തുക. നിലവില്‍ മാലിന്യം േശഖരിക്കുന്ന വീട്ടില്‍ രസീത് നല്‍കിയാണ് യൂസര്‍ ഫീ വാങ്ങുക. പിന്നീട് ഇത് പഞ്ചായത്തിന്റെ ബുക്കില്‍ രേഖപ്പെടുത്തും.

ഒരു മാസം മാലിന്യം ശേഖരിച്ചില്ലെങ്കിലും സേനാംഗങ്ങള്‍ വീട്ടില്‍ വന്നാല്‍ 50 രൂപ യൂസര്‍ ഫീ നല്‍കുക തന്നെ വേണം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതും വലിച്ചെറിയുന്നതും തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിര്‍ബന്ധിതമായി യൂസര്‍ ഫീ വാങ്ങുന്നതിലൂടെ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പു വരുത്താനും കഴിയും.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …