എട്ട് നാള്‍ നീണ്ടു നിന്ന പടയണി രാവുകള്‍ക്ക് പരിസമാപ്തി: ഇലന്തൂരില്‍ ഇന്ന് വലിയ പടേനി: ഏഴു രാത്രികളെ പകലാക്കി കാത്തിരിക്കുന്നവര്‍ക്കായി വലിയ പടയണിക്കോലങ്ങള്‍ ഉറഞ്ഞു തുള്ളിയെത്തും

0 second read
Comments Off on എട്ട് നാള്‍ നീണ്ടു നിന്ന പടയണി രാവുകള്‍ക്ക് പരിസമാപ്തി: ഇലന്തൂരില്‍ ഇന്ന് വലിയ പടേനി: ഏഴു രാത്രികളെ പകലാക്കി കാത്തിരിക്കുന്നവര്‍ക്കായി വലിയ പടയണിക്കോലങ്ങള്‍ ഉറഞ്ഞു തുള്ളിയെത്തും
0

ഇലന്തൂര്‍: എട്ടു നാള്‍ നീണ്ടു നിന്ന പടയണി രാവുകള്‍ക്ക് സമാപനം കുറിച്ച്
ഭഗവതിക്കുന്നില്‍ ഇന്ന് വലിയ പടേനി നടക്കും. കഴിഞ്ഞ ഏഴു രാത്രികളെ പകലാക്കി കാത്തിരിക്കുന്നവര്‍ക്കായി വലിയ പടയണിക്കോലങ്ങള്‍ ഉറഞ്ഞു തുള്ളിയെത്തുമ്പോള്‍ കരക്കാരുടെ ആവേശ ലഹരി ഉന്നതിയിലാകും. ഇവിടെ ഒരു ഗ്രാമം മുഴുവന്‍ ഒറ്റ ആത്മാവുമായി നോറ്റിരിക്കുകയാണ്. ഭഗവതിക്കുന്നില്‍ വലിയപടയണി കോലങ്ങള്‍ തുള്ളിയെത്തുന്ന അനര്‍ഘ നിമിഷത്തില്‍ അലിഞ്ഞൊന്നാകാന്‍ ഒരു ജനത ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് വലിയ പടേനി.

കുംഭ ഭരണി നാളില്‍ ചൂട്ടു വച്ച് പച്ചത്തപ്പു കൊട്ടി തുടങ്ങിയ പടയണി പൂര്‍ണതയില്‍ എത്തുന്നത് എട്ടാം ദിവസമാണ്. മുഖമറ കോലങ്ങള്‍ മുതല്‍ രൗദ്ര ഭാവങ്ങള്‍ നിറഞ്ഞ ഭൈരവി വരെ തപ്പുതാളത്തിനൊത്ത് ഇന്ന് ഭഗവതിയുടെ മുന്നില്‍ നിറഞ്ഞാടും. ഭഗവതികുന്നിലമ്മയ്ക്ക് സ്വയം സമര്‍പ്പിക്കാന്‍ പച്ചപ്പാളയില്‍ രൗദ്ര ഭാവങ്ങള്‍ തീര്‍ക്കുന്ന തിരക്കിലാണ് കരക്കാരും ശ്രീദേവി പടേനി സംഘവും. കരയാകെ ആവേശ തിമിര്‍പ്പിലാണ്. വല്യപടയണി കാണാനെത്തുന്നവരെ സ്വീകരിക്കാന്‍ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. രാത്രി 10 മണിക്ക് തപ്പില്‍ ജീവ കൊട്ടുന്നതോടെ ചടങ്ങുകള്‍ക്ക് കളമുണരും. ഭഗവതികുന്നിലമ്മയുടെ മൂലസ്ഥാനമായ കാരയ്ക്കാട്ട് രക്ഷസ് നടയ്ക്ക് സമീപത്തു നിന്നും ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടേയും അടവി വൃക്ഷ കൊമ്പുകളുടേയും അകമ്പടിയോടെ എത്തുന്ന കോലങ്ങളെ തപ്പുമേളത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കാപ്പൊലിച്ച് കളത്തിലേക്ക് ആനയിക്കും.
പഞ്ചവൃക്ഷങ്ങളായ ആല്, പന, പാല, പനച്ചി, ഇലഞ്ഞി എന്നിവയുടെ കൊമ്പുകള്‍ കൂട്ടക്കോലങ്ങളോടൊപ്പം വനാന്തരീക്ഷം സൃഷ്ടിച്ച് കളത്തില്‍ കാപ്പൊലിക്കുന്നത് വല്യപടേനിയുടെ മാത്രം പ്രത്യേകതയാണ്.

കളരിവന്ദനത്തിനുശേഷം ഉണരുന്ന കളത്തിലേക്ക് ആദ്യമെത്തുന്നത് വെളിച്ചപ്പാടാണ്. ശേഷം എല്ലാ കോലങ്ങളും ഒന്നിച്ച് ചുവടു വയ്ക്കുന്ന നിരത്തിതുള്ളല്‍ അതിനുശേഷം കാര്‍ഷിക മഹോത്സവത്തിന്റെ സ്മരണകളുമായി പുലവൃത്തം കളത്തിലെത്തും. തുടര്‍ന്ന് ആയോധന അഭ്യാസത്തിന്റെ ചടുലമായ ചുവടുകളുമായി താവടി തുള്ളും. ശിവകോലം കളത്തിലെത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. ഗണപതി, മറുത, രുദ്രമറുത, പക്ഷി, മാടന്‍,സുന്ദരയക്ഷി, അരക്കിയക്ഷി, അന്തരയക്ഷി, മായയക്ഷി, എരിനാഗയക്ഷി, കാലന്‍ എന്നീ കോലങ്ങള്‍ ക്രമത്തില്‍ തുള്ളി ഒഴിയുന്നു. അമ്മൂമ്മ, പരദേശി, കാക്കാരിശി, എന്നീ വിനോദ രൂപങ്ങള്‍ ചിരിക്കാനും ചിന്തിപ്പിക്കാനുമായി ഇടവേളകളില്‍ കളത്തിലെത്തും. അന്ധകാരത്തിനു മേല്‍ വെളിച്ചം ആധിപത്യം സ്ഥാപിക്കുന്ന സങ്കല്പത്തില്‍ സൂര്യന്‍ കിഴക്കുദിക്കുമ്പോള്‍ കരദേവതയായ ഭൈരവിയും കാഞ്ഞിരമാലയും കളത്തില്‍ തുള്ളും. തുടര്‍ന്ന് പിഴകളെല്ലാംപൊറുക്കണെ എന്ന് കൊട്ടിപ്പാടിക്കൊണ്ട് അടന്ത താളത്തില്‍ മംഗളഭൈരവി തുള്ളും.

സര്‍വ ദോഷങ്ങളും തീര്‍ത്ത് പൂപ്പട തുള്ളിക്കഴിഞ്ഞ് ചൂട്ടു വച്ച് വിളിച്ചിറക്കിയ കുന്നിലമ്മയെ വഞ്ചിപ്പാട്ടിന്റെയും ആര്‍പ്പുവിളിയുടെയും അകമ്പടിയോടെ ശ്രീകോവിലേക്ക് ആനയിക്കുന്നതോടെ ഈ വര്‍ഷത്തെ പടേനിക്ക്
സമാപനമാകും.

ഇലന്തൂരില്‍ ഇന്ന്

രാവിലെ ഒമ്പതിന് ഉത്സവബലി
രാത്രി ഒമ്പതിന് എതിരേല്‍പ്പ്
11 ന് വലിയ പടേനി.

Load More Related Articles
Comments are closed.

Check Also

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്‍ അന്തരിച്ചു

പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ…