
തിരുവനന്തപുരം: വര്ക്കലക്കാരന് ഐടി എന്‍ജിനീയര്‍ക്ക് വധുവായി കസാഖ്സ്ഥാന് യുവതി. ഇരുവരുടെയും മൂന്നു വര്‍ഷം നീണ്ട പ്രണയം ശിവഗിരിയില്‍ സഫലമായി. വര്‍ക്കല ശ്രീനിവാസപുരം സരിന്നിവാസില് പരേതനായ ഭാസ്കരന്റെയും പത്തനംതിട്ട കുമ്പനാട് നെല്ലിമല ആഞ്ഞിലിമൂട്ടില്‍ കുടുംബാംഗം ഗീതാ ഭാസ്കരന്റേയും മകന് സരിനാണ് കസാഖ്സ്ഥാന് യുവതി ദാരിയയെ ജീവിതപങ്കാളിയാക്കിയത്.
വര്‍ക്കല ശിവഗിരി ശാരദാമഠത്തിലാണ് വിവാഹം നടന്നത്. ദുബായിലും ഇപ്പോള്‍ കസാഖ്സ്ഥാനിലും സ്വകാര്യ കമ്പനിയില്‍ ഐടി എന്‍ജിനീയറാണ് സരിന്. ഒരേ കമ്പനിയിലെ ജോലിയും സൗഹൃദവുമാണ് സരിനെയും
ദാരിയയെയും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. നീണ്ട മൂന്നുവര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
ദാരിയയുടെ മാതാപിതാക്കളും ബന്ധുക്കളും തത്സമയം ഇന്റര്‍നെറ്റിലൂടെ വിവാഹം കണ്ട് അനുഗ്രഹം ചൊരിഞ്ഞു. പ്രണയത്തിനും ഒന്നാകലിനും മതമോ രാജ്യാതിര്‍ത്തികളോ ഒന്നും ബാധകമേയല്ല എന്നതാണ് ഈ വിവാഹം തെളിയിക്കുന്നത്. സരിന്റെ സഹോദരി ആര്യാ കമലും മറ്റു ബന്ധുക്കളും വിവാഹത്തില്‍ പങ്കുകൊണ്ടു. ഒരു മാസത്തിനു ശേഷം ഇരുവരും ഖസാക്കിസ്ഥാനിലേക്ക് തിരികെ പോകും.