റാന്നി: കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ നേത്രദാന ഗ്രാമമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് മാറുന്നു. അന്ധരായ മനുഷ്യര്‍ക്ക് കാഴ്ച ലഭിക്കുന്നതിന് നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന കാഴ്ച നേത്രദാന സേന എന്ന സംഘടനയുമായി ചേര്‍ന്നാണ് പഞ്ചായത്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വെച്ചൂച്ചിറ സി.എം.എസ് എല്‍.പി സ്‌കൂളില്‍ കാഴ്ച നേത്രദാന സേന ചെയര്‍മാന്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലെസി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ജയിംസ് അധ്യക്ഷത വഹിച്ചു. കാഴ്ച നേത്രദാന സേന ജനറല്‍ സെക്രട്ടറി അഡ്വ. റോഷന്‍ റോയി മാത്യു മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ രാജി വിജയകുമാര്‍, എസ്. രമാദേവി, എം.ജെ. ജിനു, എലിസബേത്ത് തോമസ്, റെസി ജോഷി, പി.എച്ച്. നഹാസ്, എസ്. പ്രസന്നകുമാരി, ടി കെ രാജന്‍, സജി കൊട്ടാരം, കാഴ്ച ഭാരവാഹികളായ ഷാജി കൈപ്പുഴ, ജോയി ജോസഫ്, സാബു പുല്ലാട്, ഡോ. മനു വര്‍ഗീസ്, ആര്‍ വരദരാജന്‍, പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് ഭരണ സമതി, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, വെച്ചൂച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം, പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെച്ചൂച്ചിറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും കണ്ണുകള്‍ മരണശേഷം ദാനമായി നല്‍കി സമൂഹത്തിനാകെ മാതൃകയാവുന്ന പദ്ധതിക്കാണ് പഞ്ചായത്ത് തയ്യാറാടെക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ടി. കെ. ജയിംസ് (ചെയര്‍മാന്‍), ഷാജി കൈപ്പുഴ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 15 വാര്‍ഡുകളിലുമായി ബോധവല്‍ക്കരണ പരിപാടികള്‍, സെമിനാറുകള്‍, നേത്ര ചികിത്സാ ക്യാമ്പുകള്‍, നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങല്‍, മറ്റ് അനുബന്ധ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.