പത്തനംതിട്ട: സോളാര്‍ വിഷയത്തില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറ വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാറിനെപ്പോലെയുള്ളവരെ എംഎല്‍എ ആയി തെരഞ്ഞെടുത്തതും മന്ത്രിയാക്കിയതും കേരള രാഷ്ട്രീയത്തിലെ അപചയത്തിന് ഉദാഹരണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വാര്‍ത്ഥ നേട്ടത്തിനായി എന്തും ചെയ്യുന്ന വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ടൗണ്‍ എസ്എന്‍ഡിപി ശാഖയിലെ പ്രാര്‍ഥനാ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പണത്തിനോടും പെണ്ണിനോടും ആര്‍ത്തിയുള്ളയാളാണ് ഗണേഷ് കുമാറെന്നും സിനിമാ നടനായതുകൊണ്ട് എന്തും ചെയ്യാമെന്ന ധാരണയാണ് അദ്ദേഹത്തിന് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാന്യനായ കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കി എന്‍എസ്എസിന്റെ ചുമതലയില്‍ ഗണേഷ് കുമാറിനെ കൊണ്ടു വന്നതില്‍ നേതൃത്വം ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും. ഗണേഷ് ജനാധിപത്യത്തെ വ്യഭിചരിച്ചു. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു. പിതാവിനെയും പെങ്ങന്മാരെയും ചതിച്ചു. നാണവും മാനവും അഭിമാനവുമില്ലാത്ത ഈ സൈസ് ഗണേശന്മാരാണ് മന്ത്രിയാകാന്‍ നടക്കുന്നത്.
ഈ ആള്‍ മന്ത്രി ആയതിനാല്‍ ഇന്നാടിന്റെ ഗതി എന്താകും? ഭാര്യയുടെ അടികിട്ടി. പല തവണ ഭാര്യയെ ഉപേക്ഷിച്ചു. ഒരു മുന്നണിയിലെ ഘടകകക്ഷിയായതു കൊണ്ടാണ് ഗണേഷ് വിജയിച്ചത്. സ്വന്തമായി മത്സരിച്ചാല്‍ കെട്ടിവച്ച കാശു പോലും കിട്ടാത്ത പാര്‍ട്ടിയാണ്.
പുതുപ്പള്ളിയിലെ വിജയം സഹതാപ തരംഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണെന്നും അവിടെ ഉണ്ടായ പരാജയം എല്‍ ഡി എഫിന് കിട്ടിയ അടിയും യു ഡി എഫിന് കിട്ടിയ വടിയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ വിഷയത്തില്‍ അന്വേഷണം വേണ്ട എന്ന യു ഡി എഫിന്റെ നിലപാട് സംഭവത്തില്‍ യു ഡി എഫ് നേതാക്കളുടെ ഗൂഡാലോചന പുറത്ത് വരും എന്നതിനാലാണെന്നും അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി ഗൂഡാലോചനയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് പണം വാങ്ങിയിട്ടാകാമെന്നും ആരോപിച്ചു.