ഇരവിപേരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റും സീനിയര്‍ ക്ലാര്‍ക്കുമായി പരസ്യ ഏറ്റുമുട്ടലും അസഭ്യ വര്‍ഷവും: പ്രസിഡന്റിന്റെ വീട് എറിഞ്ഞു തകര്‍ത്തുവെന്ന് പരാതി: പ്രസിഡന്റും സംഘവും സിപിഎം പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തിയെന്ന് ക്ലാര്‍ക്കും

0 second read
Comments Off on ഇരവിപേരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റും സീനിയര്‍ ക്ലാര്‍ക്കുമായി പരസ്യ ഏറ്റുമുട്ടലും അസഭ്യ വര്‍ഷവും: പ്രസിഡന്റിന്റെ വീട് എറിഞ്ഞു തകര്‍ത്തുവെന്ന് പരാതി: പ്രസിഡന്റും സംഘവും സിപിഎം പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തിയെന്ന് ക്ലാര്‍ക്കും
0

പത്തനംതിട്ട: ജോലിയില്‍ വീഴ്ചയും കാലതാമസവും വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്തിലെ ജീവനക്കാരനെ വീട്ടിലെത്തി സിപിഎം നേതാക്കള്‍ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. പഞ്ചായത്ത് ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തു വന്നു.

ജീവനക്കാരന്‍ പ്രസിഡന്റിനെയും കൂട്ടരെയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി അസഭ്യം വിളിച്ചുവെന്ന കൗണ്ടര്‍ പരാതിയുമായി സിപിഎം രംഗത്തു വന്നു. ഈ കാര്യങ്ങള്‍ വൈറല്‍ വീഡിയോയില്‍ വ്യക്തമാണ്. ഇതിന് പുറമേ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണവും ഉണ്ടായി. ഇത് ആരോപണ വിധേയനായ ജീവനക്കാരനും അളിയനും ചേര്‍ന്നാണ് ചെയ്തതെന്ന് പ്രസിഡന്റിന്റെ പരാതി. ഈ സംഭവം ആയുധമാക്കി സിപിഎം സമരത്തിനൊരുങ്ങുമ്പോള്‍ പ്രതിരോധിക്കാനാണ് ദളിത് സംഘടനകളുടെ തീരുമാനം.

സിപിഎം ഭരിക്കുന്ന തിരുവല്ല ഇരവിപേരൂര്‍ പഞ്ചായത്തിലാണ് കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നത്. പഞ്ചായത്തിലെ സീനിയര്‍ എല്‍ഡി ക്ലാര്‍ക്ക് ബിസി.കെ. ബിജുവിനെ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ കെ.ബി. ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ തോട്ടപ്പുഴയിലെ വാടക വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇരവിപേരൂര്‍ ജങ്ഷനില്‍ ഇറങ്ങിയാല്‍ നിന്നെ തീര്‍ക്കും. ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം. ഞങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് എന്നൊക്കെയാണ് പ്രസിഡന്റ് ശശിധരന്‍ പിള്ള പറയുന്നത്. ബിജുവിനെ മര്‍ദിക്കാന്‍ അടുത്തു നിന്ന് കഴ എടുക്കുന്നതും കാണാം. പഞ്ചായത്ത് കമ്മറ്റി തീരുമാനം നടപ്പാക്കിയതിനാണ് ബിജു ചീത്ത വിളിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നുണ്ട്. നേതാക്കളെ ബിജു ചീത്ത വിളിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

എന്നാല്‍, ഇരവിപേരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരെ കാണാനും പാര്‍ട്ടി പത്രത്തിന് വരിക്കാരെ ചേര്‍ക്കാനുമാണ് പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് ബോര്‍ഡ് മെമ്പറുമായ കെ.ബി. ശശിധരന്‍പിള്ളയും ബാങ്ക് പ്രസിഡന്റും സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മറ്റി അംഗവുമായ ജി. അജയകുമാറും പ്രവര്‍ത്തകരും പോയതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. തോട്ടപ്പുഴ ഭാഗത്ത് ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ ബിജു ചെറിയാന്‍ തന്റെ വാടക വീട്ടില്‍ നിന്നു കൊണ്ട് ഇവരെ അവിടേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തിലെ ജോലിക്കാര്യം പറഞ്ഞ് വാക്ക് തര്‍ക്കമുണ്ടായി. പ്രചരിക്കുന്ന വീഡിയോയില്‍ തങ്ങളെ ബിജു വിളിച്ചു കയറ്റി ചീത്ത വിളിക്കുകയാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നുണ്ട്. നേതാക്കളെ ബിജു വെല്ലുവിളിക്കുന്നതും കാണാം. നേതാക്കള്‍ തിരിച്ചും വെല്ലുവിളിക്കുന്നു.

ബിജു സ്ഥിരം മദ്യപാനിയാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. മുന്‍പ് പെരിങ്ങരയിലും പുറമറ്റത്തും പഞ്ചായത്തില്‍ ജോലി ചെയ്തിട്ട് അവിടെ സെക്രട്ടറിമാരുമായി വിഷയം ഉണ്ടാക്കി സ്ഥലം മാറ്റം ലഭിച്ചാണ് ഇരവിപേരൂര്‍ പഞ്ചായത്തില്‍ എത്തിയത്. പെരിങ്ങര സ്വദേശിയായ ബിജുവിന്റെ ഭാര്യ അജിനിയുടെ വീട് തോട്ടപ്പുഴയിലാണ്. സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റിയംഗമായ എന്‍ജെ ജോണിന്റെ മകളാണ് അജിനി. തിങ്കളാഴ്ച രാത്രി 11 ന് പഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ളയുടെ വീടിന്റെ ജനല്‍ ചില്ല് ബിജുവും അളിയന്‍ വില്‍സനും കൂടി വന്ന് കല്ലെറിഞ്ഞ് പൊട്ടിച്ചതായി പരാതി ഉയര്‍ന്നു.

പഞ്ചായത്തില്‍ ബിജുവിന്റെ സെക്ഷനില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പറയുന്നു. ഇതു സംബന്ധിച്ച് ജൂനിയര്‍ സൂപ്രണ്ട്, സ്റ്റാഫ് മീറ്റിങ് വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷം ബിജുവിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. പിന്നെ വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടന്നു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം അപേക്ഷയുമായി വന്നവരോട് ബിജു അപമദ്യായായി പെരുമാറിയെന്ന് പറയുന്നു. ജൂനിയര്‍ ക്ലാര്‍ക്കിനോട് തട്ടിക്കയറുകയും ചെയ്തു. വീണ്ടും സ്റ്റാഫ് മീറ്റിങ് വിളിച്ചപ്പോള്‍ ബിജുവിനെതിരേ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശക്തമായ നിലപാട് സ്വീകരിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. അതിനിടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പഞ്ചായത്ത് ജീവനക്കാര്‍ ബിജുവിന് പിന്തുണയുമായി ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. ഞായറാഴ്ച രാത്രി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ക്ലാര്‍ക്ക് സി കെ ബിജുവിനെ വീട് കയറി നടത്തിയ അക്രമണത്തില്‍ ബിജുവിനും ഭാര്യ മാതാവിനും നിസാര പരുക്കേറ്റിരുന്നു. ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ബിജു കാലതാമസം വരുത്തുന്നു എന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ 11 മണിയോടെ തോട്ടപ്പുഴ നെടുമ്പ്രത്ത് മലയിലെ ബിജുവിന്റെ ഭാര്യ വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് 7 മണിയോടെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബിജുവിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ജീവനക്കാരനെ വീട് കയറി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ ഒരു കൂട്ടം ജീവനക്കാര്‍ അവധിയെടുത്ത് തിങ്കളാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസ് കവാടത്തിനു മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…