
പത്തനംതിട്ട: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് നേരെ അമ്മാവന്റെ ആസിഡ് പ്രയോഗം. കടമ്മനിട്ട കല്ലേലിമുക്ക് പുതുപ്പറമ്പിൽ വർഗീസിന് (35) നേരെയാണ് അയൽവാസിയും അമ്മാവനുമായ ബിജു വർഗീസ് (53) ആസിഡ് ഒഴിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വർഗീസും ബിജുവും കൂലിപ്പണിക്കാരാണ്. പണി കഴിഞ്ഞു വന്ന് ഇരുവരും ഒരുമിച്ച് മദ്യപിക്കുന്ന പതിവുണ്ട്. ഇന്നലെ വൈകിട്ടും ഇവർ ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയിൽ വാക്കു തർക്കം ഉണ്ടായപ്പോൾ ബിജു വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഒഴിക്കുകയായിരുന്നു. വായിലും കണ്ണിലും മുഖത്തും അരയ്ക്ക് മുകളിലേക്ക് ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ആറന്മുള പോലീസ് മേൽ നടപടി സ്വീകരിച്ചു.