
ശബരിമല: ദേവസ്വം വിജിലന്‍സും ടെമ്പിള്‍ സ്‌പെഷല്‍ ഓഫീസറും നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത നെയ്യ് വില്‍പ്പന പിടികൂടി. നെയ്യ് വില്‍പ്പന കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തും നിന്നുമായി കണക്കില്‍പ്പെടാത്ത 14,500 രൂപയും കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശബരിമലയിലെ പടിഞ്ഞാറെ നടയില്‍ നെയ്യ് എക്‌സ്‌ചേഞ്ച് കൗണ്ടറില്‍ ടെമ്പിള്‍ സ്‌പെഷല്‍ ഓഫീസറുടെയും ദേവസ്വം വിജിലന്‍സ്ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍പ്പെട്ട പറവൂര്‍ ഗ്രൂപ്പിലെ തിരുമൂഴിക്കുളം സബ് ഗ്രൂപ്പിലെ തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തി ലാവണത്തില്‍ ജോലി നോക്കുന്ന പി.സി. മനോജ് എന്ന ജീവനക്കാരനാണ്.
ഏപ്രില്‍ 10 നാണ് ഇദ്ദേഹത്തെ ശബരിമലയില്‍ സ്‌പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പടിഞ്ഞാറെ നടയില്‍ നെയ്യ് എക്‌സ്‌ചേഞ്ച് കൗണ്ടറില്‍ ഡ്യൂട്ടി നോക്കി വരുമ്പോഴാണ് വിജിലന്‍സ് പരിശോധന നടന്നത്. ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അനധികൃതമായി നെയ്യ് വില്‍പ്പന നടത്തി പണം സ്വന്തമായി സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കൗണ്ടറില്‍ നിന്ന് കണക്കില്‍പ്പെടാത്ത 12000 രൂപയും ഇയാള്‍ താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ നിന്നും 2565 രൂപയും കണ്ടെത്തിയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സന്നിധാനം പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതി പമ്പാ സ്റ്റേഷനിലേക്ക് കൈമാറി. ഇതു വരെ കേസ് എടുത്തിട്ടില്ലെന്ന് പമ്പ പൊലീസ് അറിയിച്ചു.