പത്തനംതിട്ട: വേനല്‍ക്കാല കുടിവെള്ള വിതരണത്തിന്റെ പേരില്‍ ക്രമക്കേട് നടക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന. പള്ളിക്കല്‍, പ്രമാടം, കോന്നി പഞ്ചായത്തുകളിലാണ് പരിശോധന നടന്നത്. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍മാരായ പി. അനില്‍കുമാര്‍, കെ. അനില്‍കുമാര്‍, ജെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ടെണ്ടര്‍ ക്ഷണിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് പ്രധാനമായും കണ്ടെത്തിയിരിക്കുന്നു. വേനല്‍ക്കാല കുടിവെള്ള വിതരണം രണ്ടു മാസത്തേക്ക് മാത്രമാണ്. ഒരു പഞ്ചായത്ത് ഇതിനായി എട്ടു മുതല്‍ 12 ലക്ഷം വരെ രൂപയാണ് നീക്കി വയ്ക്കുന്നത്. പഞ്ചായത്ത് സ്വന്തമായി ഒരു വാഹനം വാങ്ങി ജീവനക്കാരെ വച്ച് വാട്ടര്‍ അതോറിറ്റി പ്ലാന്റില്‍ നിന്ന് കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്താല്‍ പോലും ഇത്രയും തുക വരില്ലെന്ന് ഡിവൈ.എസ്.പി പറയുന്നു. കുടിവെള്ള വിതരണത്തിന് കരാറെടുക്കുന്ന വാഹനങ്ങള്‍ക്ക് കി.മീറ്ററിന് 90-95 രൂപ വരെയാണ് നല്‍കുന്നത്. ദിവസം വാഹനം 200 കിലോമീറ്റര്‍ വരെ ഓടുന്നുവെന്നാണ് രേഖകളിലുള്ളത്. വാഹനത്തിന്റെ ജി.പി.എസ് രേഖകള്‍ പരിശോധിച്ചാല്‍ കൃത്യം കിലോമീറ്റര്‍ അറിയാന്‍ കഴിയും. എന്നാല്‍, ഇത് മൂന്നു മാസം മാത്രമേ ലഭ്യമാകൂവെന്നത് അന്വേഷണത്തിന് തടസമാണ്.
അഞ്ചു ലക്ഷത്തിന് മുകളില്‍ പണം ചെലവഴിക്കുന്ന പദ്ധതിക്ക് ഇ-ടെന്‍ഡര്‍ നടപ്പാക്കണമെന്നാണ്. എന്നാല്‍, ഇവിടങ്ങളില്‍ അത് പാലിച്ചിട്ടില്ല. ഒരു കരാറുകാരന് ടെണ്ടര്‍ ഉറപ്പിക്കാന്‍ വേണ്ടി പല പേരുകളില്‍ ക്വട്ടേഷന്‍ നല്‍കുകയാണുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് തുടരന്വേഷണം നടത്തുമെന്നും ഡിവൈ.എസ്.പി അറിയിച്ചു.