അടൂര്‍: കടമ്പനാട് വില്ലേജ് ഓഫീസര്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൊച്ചുതുണ്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകന്‍ മനോജാ(42)ണ് മരിച്ചത്. ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാര്‍ കെട്ട് അറുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചു. മനോജ് മരിച്ചതായി ഡോക്ടര്‍ വിധിയെഴുതി. മനോജിന്റെ ഭാര്യ ശൂരനാട് എല്‍.പിസ്‌കൂളിലെ ടീച്ചറാണ്. ഇവര്‍ സ്‌കുളിലേക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്.
ഇതിനു മുന്‍പ് ആറന്മുള വില്ലേജ് ഓഫീസര്‍ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസര്‍ ആയിട്ടെത്തിയത്. സിപിഎമ്മിന്റെ ഒരു നേതാവിന്റെ സാമ്രാജ്യമാണ് കടമ്പനാട് വില്ലേജ് ഓഫീസ്. എല്ലാ വിധ അഴിമതികള്‍ക്കും ക്രമക്കേടുകള്‍ക്കും കുട പിടിക്കാന്‍ ഈ നേതാവ് ഇടപെടുമായിരുന്നുവെന്നാണ് മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്നവരുടെ അനുഭവം. ഈ നേതാവുമായി കോര്‍ക്കാത്ത വില്ലേജ് ഓഫീസര്‍മാര്‍ ഇവിടെ കുറവാണ്. എതിര്‍ത്ത് നില്‍ക്കാന്‍ കഴിവില്ലാത്തവര്‍ അവധി എടുത്ത് പോവുകയോ സ്ഥലലം മാറ്റം വാങ്ങുകയോ ചെയ്യുകയാണ് പതിവ്.
മനോജിനും ഈ നേതാവില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദവും ഭീഷണിയും നേരിടേണ്ടി വന്നിരുന്നുവെന്ന് പറയുന്നു. ഇന്നലെയും മനോജിനെ ഇയാള്‍ ഫോണില്‍ വിളിച്ചു ഭീഷണി മുഴക്കിയിരുന്നുവത്രേ. അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും പറയുന്നു.